ചക്കരക്കല്ല് : ഡോക്ടറെ കാണാനുള്ള ഒ.പി. ചീട്ട് എടുക്കുന്നതിനും പരിശോധനയ്ക്കും ഏറെ സമയത്തെ കാത്തിരിപ്പ്. അത് കഴിഞ്ഞ് മരുന്ന് ലഭിക്കാൻ വീണ്ടും മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്. രാവിലെ ചികിത്സയ്ക്കായെത്തുന്നവർ ഒടുവിൽ മടങ്ങുന്നത് ഏറെക്കുറെ ഉച്ചയോടെ. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്നതുമായ ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയാണിത്.

എൻ.എച്ച്.എം. വഴി താത്‌കാലികാടിസ്ഥാനത്തിൽ നിയമിച്ച ഫാർമസിസ്റ്റുകൾ ഒഴിവായതോടെയാണ് മരുന്ന് വിതരണം താളം തെറ്റിയത്. നിലവിൽ ഒരു ഫാർമസിസ്റ്റ്‌ മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയപ്പോൾ സർക്കാർ ഉത്തരവ് പ്രകാരം ഒന്നിന് പകരം രണ്ട് ഫാർമസിസ്റ്റുകളെ അത്തരം കേന്ദ്രങ്ങളിൽ നിയമിച്ചു. എന്നാൽ, സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഇപ്പോഴും പഴയപടി തന്നെ തുടരുകയാണ്. എൻ.എച്ച്.എം.വഴി നേരത്തേ നിയമിച്ചവർ ഒഴിവായതോടെ ഒരു സ്ഥിരനിയമനവും ആസ്പത്രി മാനേജ്മെന്റ്‌ കമ്മിറ്റി നിയമിച്ച രണ്ട് താത്‌കാലിക ജീവനക്കാരുമുൾപ്പെടെ മൂന്നുപേർ മാത്രമാണ് നിലവിലുള്ളത്.

ആയിരത്തോളം രോഗികളാണ് രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെയുള്ള ഒ.പി.യിൽ ചികിത്സയ്ക്കെത്തുന്നത്. ഫാർമസിസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചാലേ ഇപ്പോഴുള്ള പ്രയാസത്തിന് പരിഹാരമുണ്ടാക്കി മരുന്ന് വിതരണം സുഗമമാക്കാൻ കഴിയൂ. സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തണമെന്ന്‌ ജീവനക്കാരും പറയുന്നു. എല്ലാദിവസങ്ങളിലും മരുന്ന് വാങ്ങാൻ നീണ്ട ക്യൂ ഉണ്ട്. മൂന്ന് ഫാർമസിസ്റ്റുകൾ ഷിഫ്റ്റടിസ്ഥാനത്തിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്.

ഫാർമസിസ്റ്റ് ഒഴിവുകൾ ബ്ലോക്ക് പഞ്ചായത്ത്, നാഷണൽ ഹെൽത്ത് മിഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.

. ജീവനക്കാരുടെ കുറവുമൂലം സാധാരണക്കാർക്ക് പ്രയാസമുണ്ടാകുന്നത് പരിഹരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പട്ടു.

പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും

ചികിത്സ തേടിയെെത്തുന്നവരുടെ പ്രശ്നപരിഹാരത്തിന് മുഖ്യ പരിഗണന നൽകും. ജീവനക്കാരുടെ എണ്ണം, പ്രത്യേകിച്ച് ഫാർമസിസ്റ്റ് നിയമനം സംബന്ധിച്ച വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരും.

പി.കെ.പ്രമീള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌