പയ്യന്നൂർ : അസൗകര്യങ്ങളുടെ നടുവിൽ വലയുന്ന പയ്യന്നൂർ നഗരസഭയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതിയൊരുങ്ങുന്നു. പയ്യന്നൂർ മൂരിക്കൊവ്വലിലാണ് പുതിയ കെട്ടിടത്തിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പുതിയ ഓഫീസ് കെട്ടിടമുൾപ്പെടെ നിർമിച്ച് നഗരസഭയുടെ സ്ഥലപരിമിതികൾക്ക്‌ പരിഹാരം കണ്ടെത്താനാണ് ശ്രമം.

നിർമാണം നടക്കുന്ന പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് ആദ്യം പുതിയ ഓഫീസിനായി സ്ഥലം കണ്ടെത്തിയിരുന്നത്. പുതിയ തിയേറ്റർ സമുച്ചയത്തിന് സമീപമാണ് ഈ സ്ഥലം. എന്നാൽ ഈ സ്ഥലം മതിയാവാതെ വരുമെന്ന കണ്ടെത്തലിനെത്തുടർന്ന് മൂരിക്കൊവ്വലിലേക്ക്‌ പുതിയ ഓഫീസിനായുള്ള പദ്ധതി മാറ്റുകയായിരുന്നു. പുതിയ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇതിന് സമീപമുള്ള സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

മൂരിക്കൊവ്വലിലെ നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിനോട് ചേർന്നായിരിക്കും പുതിയ ഓഫീസും സംവിധാനങ്ങളും ഒരുക്കുക. ഇതിന് സ്വകാര്യവ്യക്തിയുടെ കൈവശമുള്ള സ്ഥലം ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ ഫണ്ടുപയോഗിച്ചായിരിക്കും കെട്ടിടം നിർമിക്കുക. നഗരസഭാ ഓഫീസ്, കോൺഫറൻസ് ഹാൾ, മിനി ഓഡിറ്റോറിയം തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ടാകും.

എട്ടുവർഷം മുമ്പ് ഒന്നാം ഗ്രേഡ് പദവി ലഭിച്ച നഗരസഭയിൽ അതിനനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ തസ്തികയടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും നഗരസഭ മൂന്നാം ഗ്രേഡിൽത്തന്നെയാണ്. ഇതേത്തുടർന്ന് പല വികസന പ്രവർത്തനങ്ങളും നടത്താൻ നഗരസഭയ്ക്ക് കഴിയാത്ത സ്ഥിതിയാണുള്ളത്.

വരുമാന പരിധിയുടെ അടിസ്ഥാനത്തിലാണ് നഗരസഭകൾക്ക് ഗ്രേഡ് പദവികൾ അനുവദിക്കുന്നത്. ഒന്നാം ഗ്രേഡ് തസ്തികയിൽ ഉദ്യോഗസ്ഥരെ അനുവദിച്ചാൽ അവർക്കുള്ള ശമ്പളവും മറ്റും നൽകാനുള്ള സാമ്പത്തികഭദ്രത പയ്യന്നൂരിനുണ്ട്. പുതിയ കെട്ടിടവും സൗകര്യങ്ങളും ഒരുക്കുന്നതോടെ നിലവിലുള്ള സ്ഥലപരിമിതികൾക്കും മറ്റ് തടസ്സങ്ങൾക്കും പരിഹാരമാകും.