കൊട്ടിയൂർ : പ്രളയത്തിൽ തകർന്ന പാൽച്ചുരം മൂന്നാം വർഷവും പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ പാൽച്ചുരത്തിലെ തകർന്ന ഭാഗങ്ങളിലെ മുളവേലികൾക്കരികിൽ മനുഷ്യവേലി തീർത്ത് പ്രതിഷേധം നടത്തുന്നു.

കെ.സി.വൈ.എം. പേരാവൂർ, ചുങ്കക്കുന്ന് മേഖലകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 11-ന് പ്രതിഷേധം നടത്തും. പാൽച്ചുരത്തിൽ പുനർനിർമാണം നടത്താത്തതിനാൽ യാത്രക്കാരടക്കം ഏറെ പ്രയാസത്തിലാണ്‌. മലയോര മേഖലയിലെ യുവജനങ്ങളടക്കമുള്ളവർ പഠനത്തിനും ജോലിക്കുമായി ഏറെ ആശ്രയിക്കുന്ന വഴി വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കെ.സി.വൈ.എം. ഭാരവാഹികൾ പറഞ്ഞു. എല്ലാ വർഷവും ചുരം ഇടിയുന്ന അവസ്ഥയ്ക്കും ആഴ്ചതോറും വാഹനങ്ങൾ കുടുങ്ങി ഗതാഗതം മുടങ്ങുന്നതിനും പരിഹാരമുണ്ടാകണം.

10 കോടി രൂപയുടെ പദ്ധതി നിർദേശമുണ്ടായിട്ടും സമഗ്ര പുനർനിർമാണം നടത്താതെ ചെറിയ അറ്റകുറ്റപ്പണികൾ നടത്തുന്ന പൊതുമരാമത്ത് വകുപ്പ് നിലപാടുകൾക്കുമെതിരേയാണ് സമരമെന്നും ഭാരവാഹികൾ പറഞ്ഞു. കെ.സി.വൈ.എം. തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ, മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാത്തടത്തിൽ, ഡെറിൻ കൊട്ടാരത്തിൽ, ജിബിൻ തയ്യിൽ, വിമൽ കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകും.