മയ്യഴി : പുതുച്ചേരി നഗരസഭ പഞ്ചായത്ത് വാർഡ് വിഭജനത്തിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ പുതുച്ചേരി സ്വദേശി കെ. പരമശിവം നൽകിയ ഹർജിയിൽ ബുധനാഴ്ച വിധി പറയാനായി മാറ്റി.

ചൊവ്വാഴ്ച ജസ്റ്റിസ് ആനന്ദ് വെങ്കടേശ് മുൻപാകെയാണ് കേസിന്റെ വാദം നടന്നത്. കേസിന്റെ അടിയന്തരസ്വഭാവം പരിഗണിച്ചാണ് തൊട്ടടുത്ത ദിവസം തന്നെ വിധി പറയാനായി മാറ്റിവെച്ചത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സങ്കേതികപ്രശ്നങ്ങളുണ്ടാക്കി തിരഞ്ഞെടുപ്പ് നീട്ടിവെപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർജി നൽകിയിട്ടുള്ളത് എന്നാണ് സൂചന.

2011-ലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇതുപോലെയുള്ള ഒരു ഹർജിയുണ്ടായതിനെത്തുടർന്നാണ് ഇത്രയും കാലം തിരഞ്ഞെടുപ്പ് നടക്കാതെ നീണ്ടുപോയത്. മാഹിയിയിലെ അഡ്വ. ടി. അശോക് കുമാർ സുപ്രീംകോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലുള്ള വിധിയെ തുടർന്നാണ് ഇപ്പോൾ തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ കേസിൽ ടി. അശോക് കുമാറും കക്ഷി ചേർന്നിട്ടുണ്ട്.