കണ്ണൂർ : ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയെത്തുടർന്ന് ഒരാളെ തട്ടിക്കൊണ്ടുപോയി മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ചുപേരെ പോലീസ് പിടികൂടി. നാലുപേർ ഓടിരക്ഷപ്പെട്ടു. കണ്ണൂർ സിറ്റിയിലെ പത്തൊൻപതാം മൈൽ ലക്ഷം വീട് കോളനിയിലെ കീത്തടത്ത് വീട്ടിൽ ബാദുഷയെ (38) തട്ടിക്കൊണ്ടുപോയ കേസിലാണ് അഞ്ചു പ്രതികൾ പിടിയിലായത്.

രണ്ട് കാറുകളിലും ഒരു ബൈക്കിലുമെത്തിയ സംഘമാണ് ബാദുഷയെ തട്ടിക്കൊണ്ടുപോയി മാരകമായി പരിക്കേൽപ്പിച്ചത്. ശനിയാഴ്ച പകൽ രണ്ടരയ്ക്ക് കണ്ണൂർ പോസ്റ്റ്‌ ഓഫീസിന് സമീപത്തുവെച്ചാണ് അക്രമികൾ ഇയാളെ തട്ടിക്കൊണ്ടുപോയത്.

കഞ്ചാവ് കടത്തും മോഷണവും ഉൾപ്പെടെ ബാദുഷയും നിരവധിക്കേസുകളിൽ പ്രതിയാണ്.

കാറിൽവെച്ചും സംഘാംഗങ്ങളിലൊരാളുടെ പൊതുവാച്ചേരിയിലെ വീട്ടിൽവെച്ചും ബാദുഷയെ മർദിച്ചും വെട്ടിയും ഗുരുതരമായി പരിക്കേൽപ്പിച്ചു. വിവരമറിഞ്ഞ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അഞ്ച് പ്രതികളെ പിന്തുടർന്ന് പിടികൂടി. നാലുപേർ ഓടിരക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ബാദുഷയെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

പൊതുവാച്ചേരി പട്ടരക്കാത്ത് അബ്ദുൾ റഹിം (30), കോയ്യോട് കൊവ്വാൽ വീട്ടിൽ അബ്ദുൾ റഷീദ് (29), കുമ്മയ്യക്കാവ് ഖദീജമൻസിലിൽ നിഹാദ് (24), പഴയങ്ങാടി പ്രദീപൻസതീനിലയത്തിൽ ജിഷ്ണു (26), മരക്കാർകണ്ടി സഹന്നൂർ ക്വാർട്ടേഴ്സിൽ മുഹമ്മദ് റിസ (25) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ.

കഞ്ചാവ് കേസുകളിൽ പ്രതികളാണ് ഇപ്പോൾ പിടിയിലായവർ. ഇവരെ ബാദുഷയാണ് ഒറ്റിക്കൊടുത്തതെന്ന് സംശയത്തിലാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന് പോലീസ് അറിയിച്ചു.