ചെറുകുന്ന് : പൂരക്കളിയിൽ നിറസാന്നിധ്യമായ താവത്തെ പി.വി. ബാലൻ പണിക്കർ ഓർമയായി. ചെറുപ്പംമുതൽ പൂരക്കളിപഠിച്ച ബാലൻ പണിക്കർ ജീവിതാവസാനംവരെ ഈ രംഗത്ത് നിറഞ്ഞുനിന്നു. അക്ഷരശ്ലോകത്തിലും അപാര പാണ്ഡിത്യമുണ്ടായിരുന്നു. പൂരക്കളിയിലും അക്ഷരശ്ലോകത്തിലും നിരവധി ശിഷ്യരുണ്ട്. സംസ്ഥാന, ജില്ലാ സ്കൂൾ കലോത്സവങ്ങളിലും യുവജന കലോത്സവങ്ങളിലും ബാലൻ പണിക്കരുടെ ശിഷ്യർ പലതവണ വിജയം നേടിയിരുന്നു.

താവം കൂർമ്പകാവിലെ പൂരക്കളി പണിക്കർ ആയിരുന്നു. 25 വർഷം താവം പബ്ലിക് ലൈബ്രറി പ്രസിഡന്റുമായിരുന്നു. പൂരക്കളി രംഗത്തെ സംഭാവന പരിഗണിച്ച് കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. കേരള പൂരക്കളി അക്കാദമിയുടെ ഗുരുപൂജ അവാർഡും ലഭിച്ചിട്ടുണ്ട്. താവം ഈഗിൾ ക്ലബ്ബ്‌, മീഡിയ റൈറ്റേഴ്സ്, കല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസന സമിതി എന്നീ സംഘടനകൾ ബാലൻ പണിക്കരുടെ വിയോഗത്തിൽ അനുശോചിച്ചു. കേരള പൂരക്കളി കലാ അക്കാദമി ജില്ലാ കമ്മിറ്റിക്കുവേണ്ടി പി. രാജനും മേഖലാ കമ്മിറ്റിക്ക് വേണ്ടി ടി. നാരായണനും പുഷ്പചക്രം അർപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. കൃഷ്ണൻ, സെക്രട്ടറി മടിക്കൈ ഗോപാലകൃഷ്ണ പണിക്കർ, മറുത്തുകളി ആചാര്യൻ കാഞ്ഞങ്ങാട് പി. ദാമോദര പണിക്കർ, ജില്ലാ സെക്രട്ടറി പി. വിനോദ് കുമാർ, പ്രസിഡന്റ് അജയകുമാർ മാതമംഗലം എന്നിവർ അനുശോചിച്ചു.