ആലക്കോട് : നിർമാണസാമഗ്രികളുടെ വില കുതിച്ചുയരുന്നത് കെട്ടിടനിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കോവിഡും പ്രളയവും മൂലം കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് ഇത് തിരിച്ചടിയാണ്.

കഴിഞ്ഞ ഒരുവർഷത്തിനിടെ സിമൻറ് വില ചാക്കിന് 120 വരെ വർധിച്ചു. ഇന്ധനവില വർധനയും കൽക്കരിയുടെ ക്ഷാമവും മൂലം ഒരുമാസത്തിനിടെ 80 രൂപ വർധിച്ചു. നിലവിൽ 470 രൂപയാണ് സിമൻറ് വില. അടുത്തമാസം ഇനിയും വില വർധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

അതുപോലെ കമ്പി, മെറ്റൽ, കരിങ്കല്ല്, ചെങ്കല്ല്, കല്ലുപൊടി എന്നിങ്ങനെ കെട്ടിടനിർമാണത്തിനുവേണ്ട സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. ഇതോടെ വൻകിട-ചെറുകിട വ്യത്യാസമില്ലാതെ നിർമാണമേഖല ഒന്നാകെ പ്രതിസന്ധിയിലാണ്. ലോക്‌ഡൗണിനുമുമ്പ് ആരംഭിച്ച പല കെട്ടിടനിർമാണവും ഇന്നും പൂർത്തിയാകാത്ത നിലയിലാണ്. ഇലക്ട്രിക്‌, പ്ലംബിങ്‌, കട്ടിള, ജനൽ ചട്ടക്കുട് തുടങ്ങിയവയുടെ വിലയിലും വൻ വർധനയുണ്ടായിട്ടുണ്ട്‌. കരാറായി ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ചെറുകിട കോൺട്രാക്ടർമാർ.