പഴയങ്ങാടി : 90 ലക്ഷം രൂപ ചെലവിൽ പഴയങ്ങാടി പുഴയോരത്ത് പണിത റിവർവ്യു പാർക്ക് നാശത്തിലേക്ക് കൂപ്പുകുത്തുന്നു. മുട്ടുകണ്ടി തീരദേശ റോഡരികിലാണ് പാർക്ക്. പാർക്കിന്റെ മനോഹാരിതക്കായി സ്ഥാപിച്ച പാർക്ക് വ്യു ലൈറ്റ് സ്ഥാപിച്ച് ഒരാഴ്ച കത്തിയതല്ലാതെ പിന്നീട് മിഴി തുറന്നില്ല. പാർക്കിൽ സ്ഥാപിച്ച പലവിളക്കുകാലുകളും മറിഞ്ഞു വീഴുകയും ചെയ്തു. ഇതിനടുത്തുള്ള തെരുവുവിളക്കുകളാകട്ടെ പലതും കത്തുന്നുമില്ല.

പാർക്കിലെ ഓപ്പൺ എയർവേദിയുടെ താഴെ സ്ഥാപിച്ച പലകകൾ പലതും ഇളകിയ നിലയിലാണ്. കായൽസൗന്ദര്യം ആസ്വദിക്കാൻ ഇവിടെയെത്തുന്നവർക്കായി മഴക്കൂടാരങ്ങളും ഇരിപ്പിടങ്ങളും വള്ളംകളി പവലിയനുമൊക്കെ നിർമിച്ചിട്ടുണ്ട്. നിരവധിയാളുകൾ വൈകുന്നേരങ്ങളിൽ ഇവിടെ എത്താറുണ്ട്.

കൊറോണരോഗവ്യാപനം കുറഞ്ഞതോടെ ദൂരസ്ഥലങ്ങളിൽനിന്നുപോലും വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം ആളുകളെത്താറുണ്ട്. പുഴയോരത്തെ കണ്ടൽവനങ്ങൾക്കൊപ്പം പുഴയുടെയും സൗന്ദര്യം ആസ്വദിക്കാൻ പാകത്തിലാണ് ഇതിന്റെ രൂപകല്പന നടത്തിയിട്ടുള്ളത്. എന്നാൽ ഇതിന്റെ തുടർപ്രവർത്തനം നടത്താത്തതും കൃത്യമായി മേൽനോട്ടം വഹിക്കാത്തതുമാണ് നാശത്തിനുകാരണം. ഓപ്പൺ എയർ സ്റ്റേജിന്റെ പലക അപകടമാകുംവിധം ഇളകിക്കിടക്കുകയാണ്. പഴയങ്ങാടി-മുട്ടുകണ്ടി റോഡരികിൽ വലിയ തോതിൽ മാലിന്യംതള്ളുന്ന സ്ഥിതിയുമുണ്ട്.

ഇതിനെതിരെ പഞ്ചായത്ത് പലയിടങ്ങളിലായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മലബാർ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ളതാണ് പഴയങ്ങാടി റിവർവ്യു പാർക്ക്. മറിഞ്ഞ വീണ വിളക്കുകാലുകൾക്കൊപ്പം പുഴയിലേക്കായി നീട്ടിപ്പണിത വേദിയുടെ ഇളകിക്കിടക്കുന്ന പലകകളും നന്നാക്കിയെടുക്കണമെന്നാണ് ആവശ്യം. അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അപകടക്കെണിയായി ഇത് മാറാനിടയാകും.