കണ്ണൂർ : മഴ പെയ്താൽ ചെളിക്കുളമാകും. വെയിൽ വന്നാൽ പൊടി നിറയും. കണ്ണൂർ ടൗണിൽ അശോക ആസ്പത്രിക്ക് മുന്നിൽനിന്ന് ചേനോളി ജങ്‌ഷനിലേക്ക് പോകുന്ന റോഡിലാണ് ഈ ദുരവസ്ഥ. പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ് കാൽനടയാത്രപോലും ബുദ്ധിമുട്ടിലായ അവസ്ഥയിലാണ് റോഡ്. അഞ്ചുവർഷത്തിലേറെയായി ഈ റോഡ് ടാർചെയ്തിട്ടെന്ന് പരിസരവാസികൾ പറയുന്നു. മഴ പെയ്താലാണ് ഏറെ ദുരിതം. ഇരുചക്രവാഹനയാത്രക്കാർ ഇവിടെ സ്ഥിരമായി ചെളിക്കുഴികളിൽ വീഴുന്നു. മഴവെള്ളം കെട്ടിക്കിടന്നാൽ കുഴിയുടെ ആഴം മനസ്സിലാകില്ല. നടന്നുപോകുമ്പോൾ കുട്ടികളടക്കം വെള്ളക്കുഴിയിൽ വീണിട്ടുണ്ട്.

ഒരുഭാഗത്ത് ഓവുചാലുണ്ടെങ്കിലും അതെല്ലാം മണ്ണ് വന്ന് മൂടിയിരിക്കുന്നു. അതുകൊണ്ടുതന്നെ വെള്ളം ഒഴുകിപ്പോകാതെ റോഡിൽത്തന്നെ കെട്ടിക്കിടക്കുന്നു. കല്ലുകൾ ഇളകി ചിതറിക്കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. മഴനിന്നാൽ പൊടിശല്യം കാരണം ഇവിടെയുള്ള വ്യാപാരസ്ഥാപനങ്ങളിലുള്ളവരടക്കം ബുദ്ധിമുട്ടുകയുമാണ്. ഇവിടെ വലിയ ലോറികളും മറ്റ് വാഹനങ്ങളും നിരനിരയായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത് സ്ഥിരംകാഴ്ചയാണ്. ഇതും റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡരികിൽ മാലിന്യങ്ങൾ കൊണ്ടിടുന്നുമുണ്ട്.