പയ്യന്നൂർ : തീരദേശ ഹൈവെയുടെ ഭാഗമായി കണ്ണൂർ- കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ട്തെങ്ങ് പാലത്തിന്റെ അലൈൻമെന്റ് തീരുമാനിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. റോഡിന്റെ രണ്ടാംഘട്ട അലൈൻമെന്റ് നടപടികൾ ഉടൻ ആരംഭിക്കും.

രാമന്തളി പഞ്ചായത്തിലെ പാലക്കോട് മുതൽ രണ്ടുതെങ്ങ് വരെയുള്ള 11 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശ ഹൈവെ പയ്യന്നൂർ മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ പാലക്കോട് മുതൽ കാരന്താട് വരെയുള്ള 4.6 കിലോമീറ്റർ വരുന്ന ആദ്യ റീച്ചിന് കിഫ്ബി ബോർഡിന്റെ 34.71 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

രണ്ടുമീറ്റർ സൈക്കിൾ പാതയുൾപ്പെടെ 14 മീറ്റർ വീതിയിലാണ് റോഡ് വരുന്നത്. നിലവിലെ പി.ഡബ്ല്യു.ഡി. റോഡിന് ഇരുവശവും വീതി കൂട്ടിയാണ് പുതിയ ഹൈവേ നിർമിക്കുന്നത്. റോഡിനായി മുമ്പ് സർവേ നടത്തിയപ്പോൾ ചില സ്ഥലമുടമകൾ സ്ഥലം വിട്ടുനൽകാൻ തയ്യാറാകാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിനെല്ലാം പരിഹാരമായി റോഡ് വീതികൂട്ടുന്നതിനാവശ്യമായ സ്ഥലത്തിന് ഉടമകൾക്ക് വിലനൽകിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

കാരന്താട് മുതൽ രണ്ടുതെങ്ങ് വരെയുള്ള രണ്ടാം റീച്ചിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികളുടെ ഭാഗമായാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തിയത്. രാമന്തളി രണ്ടുതെങ്ങിൽനിന്ന്‌ കാസർകോട്‌ ജില്ലയിലെ വലിയപറമ്പ് പാണ്ട്യാലക്കടവുമായി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പാലം. എം.എൽ.എ. ടി.ഐ.മധുസൂദനൻ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, വൈസ് പ്രസിഡന്റ് ടി.ഗോവിന്ദൻ, കെ.പി.വി.രാഘവൻ, എം.വി.ഗോവിന്ദൻ, കെ.ആർ.എഫ്.ബി.പി.എം.യു. അസി. എക്സിക്യൂട്ടീവ് എൻജിനീയർ സജിത്ത് എന്നിവരടങ്ങിയ സംഘമാണ് രണ്ടുതെങ്ങ് സന്ദർശിച്ചത്.