കൂത്തുപറമ്പ് : നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അനധികൃത വാഹന പാർക്കിങ് ഇല്ലാതാക്കാനും നടപടിയാകുന്നു. എലിപ്പറ്റച്ചിറയിൽ ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലത്ത് പാർക്കിങ് കേന്ദ്രം ഒരുങ്ങുന്നതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്. ഒന്നരയേക്കറോളം സ്ഥലത്ത് ഒരുക്കുന്ന പാർക്കിങ് കേന്ദ്രത്തിൽ 200-ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും.

നഗരസഭയുടെയും പോലീസിന്റെയും വലിയ പ്രശ്നമായിരുന്നു കൂത്തുപറമ്പ് നഗരത്തിലെ ഗതാഗതക്കുരുക്ക്. റോഡിന് ഇരുവശവും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. 'മാതൃഭൂമി' നിരവധി തവണ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത വന്ന് കുറച്ച് ദിവസം പോലീസ് നഗരത്തിൽ പരിശോധന നടത്തി കുരുക്കൊഴിവാക്കാൻ നടപടി സ്വീകരിക്കുമെങ്കിലും പോലീസ് പിൻവലിയുന്നതോടെ നഗരം വീണ്ടും പഴയപടിയാകും. തുടർന്ന് പ്രശ്നത്തെ ഗൗരവമായി സമീപിക്കാൻ നഗരസഭയും പോലീസും തീരുമാനമെടുക്കുകയായിരുന്നു.

ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നഗരസഭ ഹാളിൽ ചേർന്ന അവലോകനയോഗത്തിലാണ് പാർക്കിങ് സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. തുടർന്നാണ് ബസ് സ്റ്റാൻഡിനായി കണ്ടെത്തിയ സ്ഥലത്ത് പാർക്കിങ് കേന്ദ്രമൊരുക്കുന്നതിനുള്ള പ്രവൃത്തികൾ ചൊവ്വാഴ്ച തുടങ്ങിയത്. പുതിയ ബസ്‌സ്റ്റാൻഡ് നിർമിക്കുന്ന സ്ഥലത്തിന്റെ ഭാഗമായ കൂത്തുപറമ്പ്-തലശ്ശേരി റോഡിലെ പാറാലിൽ മൂന്നേക്കറോളം സ്ഥലത്ത് പാർക്കിങ് കേന്ദ്രമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് പേ പാർക്കിങ് സംവിധാനമൊരുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. എസ്.ഐ. പി.ബിജു, നഗരസഭ സെക്രട്ടറി പി.സജിത്ത്കുമാർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പാർക്കിങ് കേന്ദ്രം ഒരുക്കുന്ന സ്ഥലത്തെത്തി.

ദിവസത്തിനുള്ളിൽ തുറക്കും

പുതിയ പാർക്കിങ് കേന്ദ്രം 10 ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കുമെന്ന് കൂത്തുപറമ്പ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി കൺവീനർ എം.സുകുമാരൻ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തും. പാലത്തുംകരയിലും മൂര്യാട്ടും സ്വകാര്യവ്യക്തികളുടെ രണ്ട് സ്ഥലങ്ങളും പോലീസ് സ്റ്റേഷന്റെയും സിവിൽ സ്റ്റേഷന്റെയും സമീപത്ത് രണ്ട് സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. തലശ്ശേരി റോഡിലുള്ള നഗരസഭ കണ്ടെത്തിയ സ്ഥലങ്ങളിലും ഉടമസ്ഥർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.