പേരാവൂർ : ചിട്ടിക്ക് ഈടായി നല്കിയ കിടപ്പാടത്തിന്റെ ആധാരം പണം മുഴുവൻ നല്കിയിട്ടും തിരിച്ചുനൽകുന്നില്ലെന്നാരോപിച്ച് കെ.എസ്.എഫ്.ഇ. ശാഖയ്ക്ക് മുന്നിൽ കുടുംബത്തിന്റെ പ്രതിഷേധ സമരം. പേരാവൂരിലെ ശാഖയ്ക്ക് മുന്നിൽ വിളക്കോട്ടെ വാഴയിൽ മജീദും കുടുംബവുമാണ് സമരം നടത്തിയത്. സാമ്പത്തികബാധ്യത മൂലം കിടപ്പാടം വില്ക്കേണ്ട അവസ്ഥയിലാണെന്ന് മജീദ് പറഞ്ഞു. 2014-ൽ അടച്ചുതീർത്ത ചിട്ടിക്ക് ഈടായി നല്കിയ വീടിന്റെ ആധാരം വർഷം ഏഴുകഴിഞ്ഞിട്ടും തിരിച്ചുനല്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്ന് മജീദ് പറഞ്ഞു. കെ.എസ്.എഫ്.ഇ.യുടെ കലക്‌ഷൻ ഏജന്റ് മുഖാന്തരം അടച്ച പണം തങ്ങൾക്ക് ലഭിച്ചില്ലെന്നും 2,35000 രൂപ അടയ്ക്കണമെന്നും 2004-ൽ മജീദിന് നോട്ടീസ് ലഭിച്ചിരുന്നു. കലക്‌ഷൻ ഏജന്റ് കബളിപ്പിച്ച് പണം തട്ടിയെടുത്തതിനെതിരേ അന്ന് പരാതി നൽകിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും പണം നഷ്ടപ്പെട്ടവർക്ക് അനുകൂലമായി കെ.എസ്.എഫ്.ഇ. അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ 2019-ൽ മജീദ് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഉന്നത പോലീസ് അധികൃതർക്കും പരാതി നല്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അനുകൂല നടപടി ഉണ്ടായെങ്കിലും ആധാരം തിരികെ ലഭിക്കാൻ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് മജീദും കുടുംബവും പറയുന്നു.

അതേസമയം, ഡോർ കലക്‌ഷൻ ഏജന്റ് ശാഖയിൽ പണം അടയ്ക്കാത്തതിൽ കെ.എസ്.എഫ്.ഇ.ക്ക് ഒന്നും ചെയ്യാനില്ലെന്നും നഷ്ടപ്പെട്ട പണത്തിന് ഉത്തരവാദിത്വം കെ.എസ്.എഫ്‌.ഇ.ക്ക്‌ ഇല്ലെന്നും പേരാവൂർ ശാഖാ മാനേജർ വിനോദ് പറഞ്ഞു. തങ്ങൾക്ക് ലഭിക്കുന്ന പണത്തിന് കൃത്യമായ രസീത് കൊടുത്തിട്ടുണ്ട്‌. രസീതില്ലാത്ത പണത്തിന് തങ്ങൾ ഉത്തരവാദിയല്ലെന്നും മാനേജർ പറഞ്ഞു.