പാനൂർ : കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ നവോദയ കുന്നിൽ കിൻഫ്ര വ്യവസായ പാർക്കും പാറാട് സബ് സ്റ്റേഷനു കീഴിൽ 110 കെ.വി. സബ് സ്റ്റേഷനും സ്ഥാപിക്കാൻ നടപടി തുടങ്ങി. നവോദയ കുന്നിൽ കിൻഫ്ര വ്യവസായ പാർക്ക് നിർമിക്കാനുള്ള നടപടി പുരോഗമിച്ചു വരികയാണെന്ന് മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു.

ഇതിനായി മൊകേരി, ചെറുവാഞ്ചേരി, പുത്തൂർ വില്ലേജുകളിലെ 506 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 11 (ഒന്ന്) വകുപ്പ് പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും കെ.പി.മോഹനന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ഭൂമി ഏറ്റെടുക്കൽ നടപടി ത്വരപ്പെടുത്തുന്നതിന് പ്രത്യേക എൽ.എ. യൂണിറ്റ് ചാലോട് ആരംഭിച്ചു.

പാറാട് സബ് ഡിവിഷന് കീഴിൽ കല്ലിക്കണ്ടിയിൽ പുതിയ 110 കെ.വി. സബ് സ്റ്റേഷൻ നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായും സാങ്കേതിക പഠനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. കെ.പി.മോഹനന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

പ്രവൃത്തിക്കുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കി വരികയാണെന്നും സാങ്കേതിക പഠന റിപ്പോർട്ടും ഡി.പി.ആറും പൂർത്തിയാകുന്ന മുറയ്ക്ക് സബ് സ്റ്റേഷന് ഭരണാനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.