കണ്ണൂർ : കൂട്ടംതെറ്റിയ ആനയാണ് പെരിങ്കരിയിൽ ചെങ്ങഴശ്ശേരി ജസ്റ്റിനെയും ഭാര്യ ജിനിയെയും ആക്രമിച്ചതെന്ന് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ഏതോ ആനക്കൂട്ടത്തിന്റെ ഭാഗമായിരിക്കവേ ഒറ്റപ്പെട്ടുപോയതായിരിക്കാമിതെന്ന് സംശയമുണ്ടെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കാർത്തിക്‌ ‘മാതൃഭൂമി’യോട് പറഞ്ഞു.

സാധാരണഗതിയിൽ ആന ഇറങ്ങാത്ത പ്രദേശത്താണ് ആക്രമണമുണ്ടായത്. ഇവിടുന്ന് ഒൻപതുകിലോമീറ്റർ അകലെയാണ് കർണാടക വനം. ഇത്രയുംദൂരെ ജനവാസകേന്ദ്രത്തിൽ ആന എങ്ങനെ എത്തിയെന്നത് ഞങ്ങളെയും കുഴക്കുന്നു. ബൈക്കിന്റെ ശബ്ദമോ ജസ്റ്റിനും ഭാര്യയും ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറമോ ആനയെ പ്രകോപിപ്പിച്ചിരിക്കാം. -ജിനി ചികിത്സയിൽ കഴിയുന്ന കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിയ അദ്ദേഹം വ്യക്തമാക്കി.

കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഫ്ളൈയിങ്‌ സ്ക്വാഡ് റേഞ്ച് ഓഫീസർ വി.ജയപ്രകാശ്, തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി.രതീശൻ തുടങ്ങിയവരും ആസ്പത്രിയിലെത്തിയിരുന്നു.