ഇരിട്ടി : കേരള- കർണാടക അതിർത്തിയിൽ മാക്കൂട്ടം പുഴയോരത്ത് കേരളത്തിന്റെ റവന്യുഭൂമിയിൽ വർഷങ്ങളായി വീടുവെച്ച് താമസിക്കുന്ന കുടുംബങ്ങളെ കുടിയിറക്കാനുള്ള കർണാടക വനംവകുപ്പിന്റെ നീക്കം വിവാദമാകുന്നു.

പ്രദേശത്തെ ആറോളം കുടുംബങ്ങളോട് ഉടൻ വീട് ഒഴിയണമെന്ന് കാണിച്ച് കർണാടക വനംവകുപ്പ് അധികൃതർ കഴിഞ്ഞദിവസം വീടുകളിലെത്തി അന്ത്യശാസനം നൽകിയിരുന്നു. സംഭവത്തിന്റെ നിജസ്ഥിതിയറിയാൻ ഇരിട്ടി തഹസിൽദാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി. 60 വർഷത്തിലേറെയായി വീട് വെച്ച് കഴിയുകയാണ് കുടുംബങ്ങൾ. പായം പഞ്ചായത്തിൽ വീട്ടുനികുതി ഉൾപ്പെടെ അടയ്ക്കുന്നുമുണ്ട്. നേരത്തേയും ഇവർക്ക്‌ കുടിയിറക്ക്‌ ഭീഷണിയുണ്ടായിരുന്നു. കർണാടകത്തിന്റെ ബ്രഹ്മഗിരി വനമേഖലയോടു ചേർന്ന ബാരാപോൾ പുഴയോരം മുതൽ കൂട്ടുപുഴ പാലം വരെയുള്ള ഭാഗം കർണാടകയുടേതാണെന്ന അവകാശവാദം ഉയർത്തിയാണ് ഇവരെ ഭീഷണിപ്പെടുത്തുന്നത്. കേരളത്തിന്റെ പുഴപുറമ്പോക്ക് ഭൂമി കൈക്കലാക്കുന്നതിനായി നിരവധി തവണ സർവേക്കല്ല് പിഴുതെറിഞ്ഞും ജെണ്ട മാറ്റിസ്ഥാപിച്ചും കൈയേറ്റം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം.

കൂട്ടുപുഴ പാലം നിർമാണം കർണാടക രണ്ടുവർഷത്തോളം തടഞ്ഞതും അതിർത്തിത്തർക്കം ഉന്നയിച്ചായിരുന്നു. ഇരുസംസ്ഥാനങ്ങളും സംസ്ഥാന പുനഃസംഘടനാസമയത്ത് പരസ്പരം അംഗീകരിച്ച അതിർത്തി ലംഘിച്ചാണ് കർണാടക വനംവകുപ്പ് കൈയേറ്റം തുടരുന്നത്. മാക്കൂട്ടത്ത് കർണാടക കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ പുതുതായി സ്ഥാപിച്ച ചെക്‌പോസ്റ്റ് പകുതിയിലധികവും കേരളത്തിന്റെ അധീന മേഖലയിലാണ്. കർണാടകയുടെ കൈയേറ്റം തടയാനുള്ള ഫലപ്രദമായ നടപടികളൊന്നും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ബാരാപോൾ പുഴയാണ് അതിർത്തിയെന്നും പുഴയോരത്തെ പുറമ്പോക്ക് ഭൂമി കർണാടക വനംവകുപ്പിന്റെ അധീനതയിലുമാണെന്ന അവകാശവാദം വർഷങ്ങളായി ആവർത്തിക്കുകയാണ് അവർ. അതിർത്തിയിൽ സംയുക്ത പരിശോധനയ്ക്കുപോലും അവർ തയ്യാറായിട്ടില്ല.

പ്രശ്നം കളക്ടറുടെയും വനംവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തി

മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴപുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കർണാടക വനംവകുപ്പിന്റെ ശ്രമം കളക്ടറുടെയും വനംവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതായി ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ പറഞ്ഞു. കുടക് ഡെപ്യൂട്ടി കമ്മിഷണറുമായി പ്രശ്നം ചർച്ചചെയ്തിട്ടുണ്ട്. വനംവകുപ്പ് ചീഫ് കൺസർവേറ്ററുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങളുടെ അവകാശവും കേരളത്തിന്റെ ഭൂമിയും സംരക്ഷിക്കാനുള്ള നടപടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് വിനോദ്കുമാർ, സി.പി.എം. ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, മുജീബ് കുഞ്ഞിക്കണ്ടി, എം.എസ്.അമർജിത്ത്, കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് എന്നിവരും പ്രദേശം സന്ദർശിച്ച് താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

മാക്കൂട്ടത്തെ മലയാളി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള കർണാടക വനംവകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സി.പി.എം. ഇരിട്ടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്തസ്സംസ്ഥാന അതിർത്തിനിർണയ ഉടമ്പടികൾ മറികടന്ന് പുറത്താക്കാനുള്ള നീക്കമാണ് കർണാടക സംസ്ഥാന സർക്കാരിന്റേത്. 1971-ലെ സംയുക്ത സർവേ പ്രകാരം പൂർണമായും കേരളത്തിന്റെ അധീനതയിലാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്. സംയുക്ത അതിരായി നിശ്ചയിച്ച കല്ലുകൾ ഇപ്പോഴും നിലനിൽക്കുമ്പോഴാണ് കർണാടകത്തിന്റെ തെറ്റായ നടപടികൾ. ഇത് കേരളത്തിന്റെ പ്രദേശങ്ങൾ കൈവശപ്പെടുത്താനും സംസ്ഥാന മര്യാദകൾക്ക് നിരക്കാത്തതുമായ സമീപനമാണ്. ഇത്തരം നീക്കങ്ങൾ കർണാടക സംസ്ഥാന സർക്കാരിന്റെ ഭാഗമായ കുടക് ജില്ലാ ഭരണകൂടം അവസാനിപ്പിക്കണമെന്നും കേരള സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.