ഇരിട്ടി : മാക്കുട്ടം ചുരം പാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ആർ.ടി.പി.സി.ആർ. നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഡിസംബർ എട്ടുവരെ നീട്ടി. ഇതോടെ നാലുമാസമായി തുടരുന്ന നിയന്ത്രണം നീങ്ങുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. നേരത്തേ ഇറക്കിയ നിയന്ത്രണ ഉത്തരവിന്റെ കാലാവധി 24-ന് അവസാനിച്ചിരുന്നു.

വ്യാഴാഴ്ച വൈകീട്ടിറങ്ങിയ ഉത്തരവ് പ്രകാരം ചുരംപാത വഴി കുടകിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. കോവിഡില്ലാ സർട്ടിഫിക്കറ്റും ചരക്കുവാഹന തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിലെടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ നടപടി അതേപടി നിലനിർത്തുകയായിരുന്നു.

ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നതിന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നിയന്ത്രണങ്ങൾ പാടില്ലെന്ന ഉത്തരവ് നിലനിൽക്കെ, കുടക് ജില്ലാ ഭരണകൂടത്തിന്റെ നടപടി വൻ പ്രതിഷേധത്തിനിടയാക്കുകയാണ്.

നാലുമാസമായി കേരളത്തിൽനിന്ന്‌ കുടകിലേക്കുള്ള പൊതുഗതാഗതം പൂർണമായും നിലച്ചിട്ട്.

ചുരംപാതയിലെ നിയന്ത്രണം പൂർണമായും നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11-ന് വീരാജ്‌പേട്ടയിൽനിന്ന്‌ ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ മാക്കൂട്ടം ചെക്‌പോസ്റ്റിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ശനിയാഴ്ച കൂട്ടുപുഴയിൽനിന്ന്‌ മാക്കൂട്ടത്തേക്ക് ഡി.വൈ.എഫ്.ഐ.യും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് നടപടിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എൽ.എ.യുടെ നിവേദനം പരിഗണിച്ച് കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയെങ്കിലും നിയന്ത്രണങ്ങളിൽ ഒരിളവും ഉണ്ടായിട്ടില്ല.