കണ്ണൂർ : നിർമാണമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പണിമുടക്കും. ഈ വിഭാഗം തൊഴിലാളികളെ കേന്ദ്രസർക്കാർ ഒരർഥത്തിലും പരിഗണിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് കെ.പി.സഹദേവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

നിർമാണത്തൊഴിലാളികളുടെ പെൻഷൻ നൽകാനുള്ള സാമ്പത്തികബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, 1996-ലെ നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമം സംരക്ഷിക്കുക, സിമന്റ്, സ്റ്റീൽ തുടങ്ങിയ നിർമാണസാമഗ്രികളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ്, തലശ്ശേരി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ മാർച്ചും ധർണയും നടത്തും. പത്രസമ്മേളനത്തിൽ അരക്കൻ ബാലൻ, കെ.പി.ബാലകൃഷ്ണൻ, ടി.ശശി, എം.വേലായുധൻ എന്നിവർ പങ്കെടുത്തു.