കണ്ണൂർ : കണ്ണൂരിന്റെ കായികചരിത്രത്തിന്റെ സുവർണനിമിഷമായിരുന്നു മാറഡോണയുടെ കണ്ണൂർ സന്ദർശനം. ഒരിക്കലും സംഭവിക്കില്ലെന്ന് പലരും കരുതിയ ആ സന്ദർശനം മാറഡോണയെ ആരാധിക്കുന്ന ലക്ഷങ്ങൾക്ക് ഒരാവേശമായി. കണ്ണൂർ സ്റ്റേഡിയത്തിൽ സ്വപ്നങ്ങളുടെ മഞ്ഞുപാളികൾ വകഞ്ഞുമാറി 'ദൈവം' മനുഷ്യയാഥാർഥ്യമായി അവതരിച്ചപ്പോൾ ജനം കായികാവേശത്തിന്റെ കടിഞ്ഞാൽ പൊട്ടിച്ച് കൈയടിച്ചു. ഡീഗോാാാ... അവർ ആർത്തുവിളിച്ചു.
മാറഡോണ സ്റ്റേജിൽ പന്തുതട്ടി. നൃത്തം ചെയ്തു. കാണികളെ കൈവീശി അഭിവാദ്യം ചെയ്തു. ജന്മദിനത്തിന്റെ കേക്ക് മുറിച്ചു. പൊട്ടിച്ചിരിച്ചും കൈപിടിച്ചും ഫോട്ടോയെടുത്തും യുവാക്കളെ ലഹരിയിലാഴ്ത്തി ചെറിയ സമയത്തിനുള്ളിൽ മടങ്ങിപ്പോയി.
കെ. സുധാകരൻ എം.പി.,
:ലോകം മുഴുവൻ ഒരു കളിക്കളമാക്കി ആവേശം കൊള്ളിച്ച ഫുട്‌ബോൾ ഇതിഹാസമാണ് ഡീഗോ മാറഡോണ. കളിക്കളത്തിൽ അദ്ദേഹത്തിന്റെ കൈയടക്കവും കരുത്തും ചടുലതയും വേഗവും മിന്നൽപോലെ മിന്നുന്ന ഗോളടിയും ആർക്കാണ് മറക്കാൻ കഴിയുക. ലോകം മുഴുവൻ ഡീഗോവിനെ ആദരിക്കുന്നതും ആരാധിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. കണ്ണൂരിന്റെ മഹാഭാഗ്യമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ലോകകായികരംഗത്തും കണ്ണൂരിനും ഒരു പാദസ്പർശം കൊണ്ട് നിർവൃതിയായി. അന്നു അദ്ദേഹത്തിന്റെ സന്ദർശനം ഉണ്ടാക്കിയ അലയിളക്കം അത്രമാത്രമായിരുന്നു.പന്ന്യൻ രവീന്ദ്രൻ,
സി.പി.ഐ. മുൻ സംസ്ഥാന സെക്രട്ടറി
:മാറഡോണയുടെ മാസ്മരികപ്രകടനംകണ്ട് ആവേശഭരിതമാകുമ്പോഴും അദ്ദേഹത്തെ ഒന്നു നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ, സ്വന്തം നാട്ടിൽ എന്റെ വീട്ടിനരികെ കണ്ണൂരിൽ എത്തിയപ്പോൾ എനിക്ക് കാണാൻ പറ്റിയില്ല. പാർട്ടി ആവശ്യവുമായി ബന്ധപ്പെട്ട് ഡൽഹിയിലായിപ്പോയി. വലിയ നിരാശയാണ് ഉണ്ടായത്. ലോകം കണ്ട ഏറ്റവും വലിയ ഫുട്‌ബോൾ കളിക്കാരനാണ് മാറഡോണ. അർജന്റീന എന്ന ഒരു രാജ്യത്തെ ലോകത്തിന്റെ അഭിമാനവും അഹങ്കാരവുമാക്കിയ വ്യക്തിയാണ് ഡിഗോ. സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ചതുപോലെ അദ്ദേഹം ലോകത്തെയും കോരിത്തരിപ്പിച്ചു.