ഇരിട്ടി : സർക്കാർ പ്രഖ്യാപിച്ച വി.ആർ.എസ്. നടപ്പാക്കുക, 240 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ മുഴുവൻ കാഷ്വൽ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, പിരിഞ്ഞുപോയതൊഴിലാളികളുടെ ഗ്രാറ്റ്വിവിറ്റി ഉടൻ നൽകുക, തുടങ്ങിയ പത്തിന ആവശ്യങ്ങൾ ഉന്നയിച്ച് ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സമരം നടത്തി.

ആറളംഫാം മെയിൻ ഓഫീസിന് മുന്നിലും കാർഷികനഴ്സറി ഓഫീസിനുമുന്നിലുമാണ് തൊഴിലാളികൾ പണിമുടക്കി സമരം നടത്തിയത്. ആറളംഫാം മെയിൻ ഓഫിസിന് മുന്നിൽ നടന്ന സമരം കെ.കെ.ജനാർദനന്റെ അധ്യക്ഷതയിൽ ആറളംഫാം വർക്കേഴ്സ് യുണിയൻ സി.ഐ.ടി.യു. പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി ഇ.എസ്.സത്യൻ, ഏരിയാകമ്മിറ്റി അംഗം കെ.ബി.ഉത്തമൻ, പി.കെ.രാമചന്ദ്രൻ, സീത വേലേരി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ഒന്നിൽ കെ.കെ.ജനാർദനനും ബ്ലോക്ക് നാലിൽ അശോകനും ബ്ലോക്ക് ആറിൽ സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡൻറ്്‌ വൈ.വൈ.മത്തായിയും ബ്ലോക്ക് എട്ടി ൽ ഏരിയാകമ്മിറ്റി അംഗം കെ.ബി.ഉത്തമനും കാർഷികനഴ്സറിയിൽ സി.ഐ.ടി.യു. എരിയാ സെക്രട്ടറി ഇ.എസ്.സത്യനും സമരം ഉദ്ഘാടനംചെയ്തു. രാമചന്ദ്രൻപിള്ള, ഇ.പി.ശങ്കരൻ, രാജൻ, ബീനാരഘു രമേശൻ, സുമ, സാലി തുടങ്ങിയവർ നേതൃത്വം നൽകി.