കരിവെള്ളൂർ : അന്റാർട്ടിക്കൻ ജീവിതത്തിന്റെ ബാക്കിപത്രങ്ങൾ നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്, കരിവെള്ളൂർ കൊഴുമ്മൽ വരീക്കരയിലെ വിമുക്ത ഭടൻ കെ.മാധവൻ. 22 വർഷം മുൻപാണ് മാധവൻ ശാസ്ത്ര പര്യവേഷണ സംഘത്തിലംഗമായി അൻറാർട്ടിക്കയിൽ പോയത്. 16 മാസക്കാലം നീണ്ടുനിന്നു ആ പര്യവേഷണം.

അൻറാർട്ടിക്കയിൽനിന്ന് കൊണ്ടുവന്ന വെള്ളവും കല്ലുകളും ഉപയോഗിച്ച വസ്ത്രങ്ങളും ഇന്നും മാധവൻ വരീക്കരയിലെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഡോ. കെ.ആർ.ശിവന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ 17-മത് അൻറാർട്ടിക്‌ ശാസ്ത്ര പര്യവേഷണ സംഘത്തിൽ അംഗമായിരുന്നു മാധവൻ.

1997 ഡിസംബർ മുതൽ 1999 മാർച്ച് വരെ മാധവൻ അന്റാർട്ടിക്കയിലെ ഇന്ത്യൻ പര്യവേഷണ കേന്ദ്രമായ മൈത്രിയിലുണ്ടായിരുന്നു.

1978 ലാണ് ഇന്ത്യൻ ആർമിയിൽ ഇലക്‌ട്രിക്കൽ ഇൻസ്ട്രക്ടറായി ജോലിയിൽ പ്രവേശിച്ചത്. ബെംഗളൂരു എം. ഇ.ജി.യിൽ ജോലിചെയ്യുമ്പോഴാണ് അന്റാർട്ടിക് സംഘത്തിനൊപ്പം ചേരാൻ അവസരം ലഭിച്ചത്. 76 പേരടങ്ങുന്ന സംഘം 1997 ഡിസംബറിൽ നോർവൻ കപ്പലായ പോളാർ ബേർഡിൽ ഗോവയിൽനിന്നാണ് യാത്രതിരിച്ചത്. 29 ദിവസത്തെ കപ്പൽയാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു. അന്റാർട്ടിക്കയുടെ അടുത്തെത്തുമ്പോൾ കട്ടർ കൊണ്ട് ഐസ് മുറിച്ചുനീക്കിയായിരുന്നു കപ്പലിന്റെ യാത്ര.

സമ്മർ ടീം, വിന്റർ ടീം എന്നിങ്ങനെ രണ്ട് സംഘങ്ങളാണ് കപ്പലിലുണ്ടായിരുന്നത്.

അന്റാർട്ടിക്കയിൽ ആറ് മാസക്കാലം രാത്രിയും ആറ് മാസക്കാലം പകലുമാണ്. സൂര്യൻ ദക്ഷിണായന പാതയിലായിരിക്കുമ്പോൾ പകലും ഉത്തരായന പാതയിലായിരിക്കുമ്പോൾ രാത്രിയും. സമ്മർ ടീം മൂന്ന് മാസങ്ങൾക്കുശേഷം പോളാർ ബേർഡ് കപ്പലിൽത്തന്നെ മടങ്ങി. മാധവനടക്കമുള്ള 26 അംഗ വിന്റർ ടീം 16 മാസക്കാലം അന്റാർട്ടിക്കയിലുണ്ടായിരുന്നു. ശാസ്ത്ര ഗവേഷണ സംഘത്തിന് സംരക്ഷണമൊരുക്കുകയായിരുന്നു മാധവനടക്കമുള്ള ആർമി ടീമംഗങ്ങളുടെ ജോലി. ഐസിനുമുകളിൽ നിർമിച്ച മൈത്രി കേന്ദ്രത്തിൽ ഒരു മിനിറ്റ്‌ ഇടവിടാതെ ജനറേറ്ററിൽനിന്ന് വൈദ്യുതി എത്തിക്കുകയായിരുന്നു മാധവന്റെ ചുമതല. ഗ്ലാസ് കൊണ്ടും പ്രത്യേകതരം പലക കൊണ്ടും നിർമിച്ച കാബിനുകൾക്കുള്ളിലാണ് എല്ലാവരും കഴിഞ്ഞത്.

വിജയകരമായ യാത്രയ്ക്കുശേഷം 1999 മാർച്ച് മാസം മാധവനും സംഘവും ഗോവയിൽ തിരിച്ചെത്തി.

ഗോവ ഗവർണർ അടക്കമുള്ളവർ സംഘത്തെ സ്വീകരിക്കാൻ എത്തി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയിയും സംഘത്തെ അനുമോദിച്ചിരുന്നു. 26 വർഷം നീണ്ടുനിന്ന രാജ്യസേവനത്തിനിടയിലെ തിളങ്ങുന്ന ഓർമകളാണ് അന്റാർട്ടിക്ക സമ്മാനിച്ചതെന്ന് മാധവൻ പറഞ്ഞു.