കണ്ണൂർ : ജില്ലയിലെ മുഴുവൻ പട്ടികവർഗ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനാവശ്യമായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ലഭ്യമായെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ലഭ്യതയില്ലാത്ത കോളനികളിലും മലയോരമുൾപ്പെടെയുളള സ്ഥലങ്ങളിലും നെറ്റ്‌വർക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. കളക്ടർ മുൻകൈയെടുത്ത് ആവശ്യമായ നടപടികൾ വേഗത്തിലാക്കണം.

ഡോ. വി. ശിവദാസൻ എം.പി., എം.എൽ.എ.മാരായ ടി.ഐ. മധുസൂദനൻ, അഡ്വ. സജീവ് ജോസഫ്, എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. ജില്ലയിൽ ഇതിനകം 332 ആദിവാസി വിദ്യാർഥികൾക്ക് വിവിധ ഏജൻസികളുടെയും ജനപ്രതിനിധികളുടെയും സംഘടനകളുടെയും ഇടപെടലിലൂടെ ഉപകരണങ്ങൾ നൽകിയതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ എസ്. സന്തോഷ്‌കുമാർ അറിയിച്ചു. ജില്ലയിൽ 527 പട്ടികവർഗ വിദ്യാർഥികളാണ് പൂർണമായി ഉപകരണമില്ലാത്തവരായി പട്ടികവർഗവകുപ്പ് കണ്ടെത്തിയിട്ടുളളത്. ഉപകരണങ്ങൾ നൽകുന്നതിന് വിവിധ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക പ്രോജക്ടുകൾ തയ്യാറാക്കിയിട്ടുണ്ട്.

ജലജീവൻ മിഷൻ ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതിയിലെ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് എം.എൽ.എ.മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എം. വിജിൻ, അഡ്വ. സണ്ണി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. ജില്ലയിലെ കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമീണ സർവീസുകൾ പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് ടി.ഐ. മധുസൂദൻ എം.എൽ.എ. ആവശ്യപ്പെട്ടു. ജില്ലാ ആസ്പത്രിയുടെ 70 കോടിയുടെ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമാണപ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. നിർദേശിച്ചു. മന്ത്രി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, എ.ഡി.എം. കെ.കെ. ദിവാകരൻ, മുഖ്യന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ. പ്രകാശൻ, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.