എടക്കാട് : ജില്ലയിലെ വിവിധ ഐ.ടി.ഐ.കളിൽ പ്രവേശനത്തിന് ഇത്തവണ ലഭിച്ചത് 10000-ഓളം അപേക്ഷകൾ. 10 ഗവ. ഐ.ടി.ഐ.കളിലെ 1507 സീറ്റുകളിലേക്കാണ് ഇത്രയും അപേക്ഷ ലഭിച്ചത്.

തോട്ടട ജനറൽ ഐ.ടി.ഐ., വനിത ഐ.ടി.ഐ. എന്നിവയ്ക്ക് പുറമെ മാടായി, പിണറായി, കുറുമാത്തൂർ, പന്ന്യന്നൂർ, പേരാവൂർ, പെരിങ്ങോം, കൂത്തുപറമ്പ്, പടിയൂർ എന്നിവിടങ്ങളിലാണ് ജില്ലയിൽ ഐ.ടി.ഐ.കളുള്ളത്.

തോട്ടടയിലാണ് കൂടുതൽ ട്രേഡുകളും സീറ്റുകളുമുള്ളത്. 812 സീറ്റുകളിലേക്ക് ഇവിടെ 8365 അപേക്ഷകളാണ് ലഭിച്ചത്. ഫിറ്റർ ട്രേഡ് മാത്രമുള്ള പടിയൂർ ഐ.ടി.ഐ.യിൽ 1890 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. തോട്ടട വനിതാ ഐ.ടി.ഐ.യിൽ 184 സീറ്റുകളിലേക്ക് 867 അപേക്ഷകരുണ്ട്. ജില്ലയിലെ ഐ.ടി.ഐ.കളിൽ ആകെയുള്ള സീറ്റുകളുടെ മൂന്നിരട്ടി അപേക്ഷകളാണ് ലഭിച്ചത്.

അപേക്ഷകളിലെ സൂക്ഷ്മപരിശോധന പൂർത്തിയായി. 28-ന് നാലുമണിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ ഒന്നിന് പ്രവേശന നടപടികൾ ആരംഭിക്കും. ഒക്ടോബർ 20-നുള്ളിൽ പ്രവേശന നടപടി പൂർത്തിയാക്കും. സ്വകാര്യ ഐ.ടി.ഐ.കളിൽ ഒക്ടോബർ 25 വരെ പ്രവേശനം നടത്താം.

റാങ്ക് പട്ടിക വെബ്‌സൈറ്റിലൂടെ

അപേക്ഷകർക്ക് പ്രവേശനം സംബന്ധിച്ച വിവരങ്ങൾ അപേക്ഷകർക്ക് itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം. മൊബൈൽ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് റാങ്ക് ലിസ്റ്റ് എന്ന ലിങ്കിൽനിന്ന് റാങ്ക് വിവരങ്ങൾ ലഭിക്കും.

മൊബൈൽ നമ്പറിലും വിവരം ലഭ്യമാകും. അപേക്ഷ അയക്കുന്നതുമുതൽ പ്രവേശനം പൂർത്തിയാക്കുന്നതുവരെയുള്ള എല്ലാ നടപടികളും വൈബ്‌സൈറ്റിലൂടെയാണ് നടപ്പാക്കുന്നത്. ഇത്തവണ കൂടുതൽ സൗകര്യപ്രദമായ വെബ്‌സൈറ്റാണ് വ്യവസായ പരിശീലനവകുപ്പ് തയ്യാറാക്കിയത്. ഐ.ടി.ഐ.കളിലെ അധ്യാപർ തന്നെയാണ് വൈബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്.