കണ്ണൂർ : കണ്ണൂർ വിമാനത്താവളം റോഡായി വികസിപ്പിക്കുന്ന ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-കൊളോളം റോഡിന്റെ സ്ഥലമേറ്റെടുക്കുന്ന പ്രവൃത്തി ഞായറാഴ്ച മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നുമണിക്ക് ചൊറുക്കളയിലാണ് ചടങ്ങ്.

വടക്കൻ ഭാഗങ്ങളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കുന്ന ഈ റോഡ് ഇരുവരി പാതയായി വികസിപ്പിക്കുന്നതിന്റെ പ്രാരംഭപ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പാണ് നിർവഹിച്ചിരുന്നത്. ‘കിഫ്ബി’ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന റോഡായതിനാൽ തുടർപ്രവൃത്തിയുടെ ചുമതല കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി.) കൈമാറിയിട്ടുണ്ട്.

ചൊറുക്കളമുതൽ കൊളോളംവരെ 22.4 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ വികസനത്തിന് 290 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 160 കോടി രൂപ നിർമാണത്തിനും 130 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ് അനുവദിച്ചത്.

13 മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്യും. ഇരുവശത്തുമുള്ള ഒന്നരമീറ്റർ കാൽനടയാത്രക്കാർക്കും പാർക്കിങ്ങിനുമുള്ളതാണ്. ഈ റൂട്ടിൽ കുറേ ഭാഗം നവീകരിച്ചതാണ്. ബാവുപ്പറമ്പ് മുതൽ നണിശ്ശേരിവരെയുള്ള നവീകരിച്ച റോഡിന്റെ വീതി കൂട്ടും. നണിശ്ശേരിക്കടവ് പാലംമുതൽ ചെക്ക്യാട്ടുകാവ് വരെയും എട്ടേയാർമുതൽ കൊളോളം വരെയുമുള്ള ഭാഗങ്ങൾ പൂർണമായും നവീകരിക്കും. കയരളം അറാക്കാവ്, കുറ്റ്യാട്ടൂർ സൂപ്പിപ്പീടിക എന്നിവിടങ്ങളിൽ നിലവിലുള്ള റോഡിലെ അപകടകരമായ വളവുകൾ നിവർത്തും.

റോഡരികിലുള്ള 7.20 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഈ പ്രവൃത്തി രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ‘കിഫ്ബി’യുടെ സാങ്കേതികാനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങളും രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ഇതിനുശേഷം ടെൻഡർ നടപടികൾ ആരംഭിക്കും. ഒന്നരവർഷത്തിനുള്ളിൽ റോഡ് നവീകരണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.ആർ.എഫ്.ബി. അസി. എക്സിക്യുട്ടീവ് എൻജിനീയർ പി. സജിത്ത് പറഞ്ഞു.