പേരാവൂർ : മലയോര വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കുന്നതിന് ഡോ. വി. ശിവദാസൻ എം.പി. നടപ്പിലാക്കുന്ന നെറ്റ്‌വർക്ക് പദ്ധതിയുടെ മൂന്നാംഘട്ട ടാബ് വിതരണം ഞായറാഴ്ച പേരാവൂരിൽ നടക്കും. പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് രാവിലെ 9.30-ന് നടക്കുന്ന ചടങ്ങ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

കെ.കെ. രാഗേഷ് അധ്യക്ഷത വഹിക്കും. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം ഉറപ്പാക്കാനാണ് നെറ്റ്‌വർക്ക് പദ്ധതിയാരംഭിച്ചത്. ഒപ്പം, ഓൺലൈൻ വിദ്യാഭ്യാസത്തിന് ഡിജിറ്റൽ ഡിവൈസുകളുടെ ലഭ്യത ഉറപ്പുവരുത്തി ഇവ ആവശ്യക്കാർക്ക് ലഭ്യമാക്കാനുമുള്ള എം.പി.യുടെ പദ്ധതിക്ക് മലയോരത്ത് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയോരത്തെ മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനനങ്ങളെയും കണ്ണിചേർത്താണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പത്രസമ്മേളനത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, നെറ്റ്‌വർക്ക് പദ്ധതി പേരാവൂർ ഏരിയാതല കൺവീനർ അഡ്വ. എം. രാജൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ എന്നിവർ പദ്ധതി വിശദീകരിച്ചു.