ചെറുവാഞ്ചേരി : അപകടങ്ങൾ തുടർക്കഥയാവുന്ന ചീരാറ്റ വലിയവെളിച്ചം റോഡിൽ ലോറി നിയന്ത്രണംവിട്ട് പറമ്പിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞദിവസം വളവിൽനിന്ന് നിയന്ത്രണംവിട്ട ലോറി മറ്റൊരു പറമ്പിലേക്ക് ഇടിച്ചുകയറി, ഒരു വീടിന്റെ തൊട്ടു മുന്നിലെത്തിയാണ് നിന്നത്. വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ആ സ്ഥലത്തിനു തൊട്ടു മുകളിലായാണ് വീണ്ടും ലോറി നിയന്ത്രണം വിട്ടത്. ഇവിടെ തുടർച്ചയായി അപകടമുണ്ടാകുന്നതിനെപ്പറ്റി മാതൃഭൂമി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. സൂചക ബോർഡുകളോ മറ്റ് മുന്നറിയിപ്പ് അടയാളങ്ങളോ ഇവിടില്ല. സ്ഥല പരിചയമില്ലാത്ത ഡ്രൈവർമാർ നിത്യേന അപകടത്തിൽപ്പെടുന്നത് വർധിച്ചുവരികയാണ്.
കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കു ലോറികളാണ് ഭൂരിഭാഗവും ഇതുവഴി കടന്നുപോകുന്നത്. അടിയന്തരമായി അപകടം കുറക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടരുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.