കണ്ണൂർ : കെ.പി.സി.സി.യുടെ നിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിച്ചതായുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എം.പി. പറഞ്ഞു. ജില്ലയിൽ ഡി.സി.സി. പ്രസിഡന്റ് കൺവീനറായി പ്രവൃത്തിക്കുന്ന ഏഴ് അംഗങ്ങളുള്ള ജില്ലാതല സ്ഥാനാർഥിനിർണയ തിരഞ്ഞെടുപ്പ് സമിതിയിൽ പയ്യാവൂർ, ഉളിക്കൽ, പഞ്ചായത്തുകളിലെയും തലശ്ശേരി നഗരസഭയിലെ ഒരു ഡിവിഷനിലെയും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസം കെ.പി.സി.സി.യുടെ സമിതിക്ക് വിടാൻ തീരുമാനമെടുത്തിട്ടില്ല. ജില്ലാ തിരഞ്ഞെടുപ്പ് സമിതിയിൽ ഒരംഗം പോലും വിഷയം കെ.പി.സി.സി.ക്ക് പരിശോധിക്കാൻ നല്കണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. സംസ്ഥാനത്ത് ഏറ്റവും മികച്ചരൂപത്തിൽ പ്രവർത്തനം നടത്തുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണെന്ന് തെളിയിക്കപ്പെട്ട സതീശൻ പാച്ചേനി നേതൃത്വം നല്കുന്ന പാർട്ടി ഘടകത്തിനെതിരേ അനവസരത്തിൽ വിമർശനം ഉന്നയിക്കുന്നത് പാർട്ടി പ്രവർത്തകരുടെ ഇടയിൽ സ്വാധീനവും ജനസമ്മതിയുമില്ലാത്ത ചിലരുടെ വ്യക്തി താത്‌പര്യം മാത്രമാണ്.
സ്വാർഥ താത്‌പര്യത്തിന്റെ ഭാഗമായും വ്യക്തി താത്‌പര്യങ്ങൾക്കുവേണ്ടിയും പാർട്ടി സ്ഥാനം ഉപയോഗിക്കുന്നവർ കെ.പി.സി.സി.യുടെ പേരിൽ വ്യാജ പ്രചാരണങ്ങളുമായി മാധ്യമങ്ങളിലൂടെ രംഗത്തുവരുന്നത് ഗൗരവതരമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.