കണ്ണൂർ : നഗരത്തിന്റെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവാകുന്നു. വാഹനങ്ങൾ റോഡരികിൽ നിർത്തി സഞ്ചികളിലും മറ്റും നിറച്ച മാലിന്യം വലിച്ചെറിയുകയാണ്.
താവക്കര പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് എസ്.ബി.ഐ. ഭാഗത്തേക്കു പോകുന്ന റോഡരിക് മാലിന്യകേന്ദ്രമായിരിക്കുകയാണ്. കഴിഞ്ഞദിവസവും റോഡിൽനിന്ന് നടപ്പാതയ്ക്കപ്പുറത്തേക്ക് മാലിന്യം കൊണ്ടുവന്ന് തള്ളി. നിരവധി വലിയ പ്ലാസ്റ്റിക് സഞ്ചികളിൽ നിറച്ച നിലയിലാണ് മാലിന്യം. രാത്രിയിൽ ആളൊഴിയുന്ന സമയത്താണ് മാലിന്യംകയറ്റി വാഹനങ്ങളെത്തുന്നത്.
താവക്കര സ്നേഹാലയം റോഡ്, അഗ്നിരക്ഷാസേന കേന്ദ്രം ഓഫീസിന് എതിർഭാഗത്തെ കുറ്റിക്കാട്, താവക്കര അടിപ്പാതയുടെ ഇരുവശങ്ങളിലുമുള്ള നടവഴികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കാണാം. താണ മുതൽ കാൽടെക്സ് വരെയുള്ള റോഡിന്റെ കാടുമൂടിയ അരികുകളിലെല്ലാം മാലിന്യമിടുന്നു. ഒണ്ടേൻ റോഡും ആറാട്ട് റോഡും എന്നു വേണ്ട റെയിൽവേ സ്റ്റേഷൻ റോഡിൽവരെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ്. മേലെചൊവ്വ ബസ് സ്റ്റോപ്പ് കഴിഞ്ഞുള്ള കാടുമൂടിയ സ്ഥലവും മാലിന്യം ഏറ്റുവാങ്ങുന്നു. തെക്കീബസാർ-കക്കാട് റോഡിൽ പല സ്ഥലങ്ങളിലും ഈ കാഴ്ചകൾ കാണാം.
കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും നഗരം ശുചീകരിക്കുന്നത്. ഇവർ സ്ഥിരമായി മാലിന്യമെടുക്കുന്ന സ്ഥലങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരുമുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ അടക്കം നിറച്ച പ്ലാസ്റ്റിക് സഞ്ചികൾ റോഡിൽ ചിതറിക്കിടക്കുന്ന കാഴ്ചയാണ്. വാഹനയാത്രക്കാരും കാൽനടക്കാരും ഇതുമൂലം ബുദ്ധിമുട്ടുന്നു. മാലിന്യം പെരുകുന്നത് തെരുവുനായകളുടെ ശല്യം കൂടാനിടയാക്കുന്നുണ്ട്.