കണ്ണൂർ : കേരളത്തിൽ ഇന്റർനെറ്റ് വിപ്ലവത്തിന് കളമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന കെ-ഫോണിന്റെ (കേരള ഫൈബർ ഓപ്റ്റിക്‌ നെറ്റ് വർക്ക്) അടിസ്ഥാനസൗകര്യമൊരുക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിൽ. ജില്ലയിൽ ആദ്യഘട്ടത്തിൽ 1000 കിലോമീറ്റർ ദൂരത്തിൽ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു.

രണ്ടാംഘട്ടത്തിലും ഇത്രയും ദൂരത്തിലാണ് കേബിൾ സ്ഥാപിക്കുന്നത്. വളപട്ടണം, പഴയങ്ങാടി എന്നിവയുൾപ്പെടെയുള്ള റെയിൽപ്പാലങ്ങൾ, ദേശീയപാതയിലെ പാലങ്ങൾ എന്നിവയിലൂടെ കേബിൾ വലിക്കുന്നതിനുള്ള അനുമതിക്കായി കാത്തുനിൽക്കുകയാണ്. ഇവയെല്ലാംകൂടി 75 കിലോമീറ്ററോളം ദൂരം വരും. വൈദ്യുതത്തൂണുകളിലൂടെയാണ് കേബിളുകൾ സ്ഥാപിക്കുന്നത്. ശ്രീകണ്ഠപുരം, മയ്യിൽ, കുറ്റ്യാട്ടൂർ ഭാഗങ്ങളിലെ ജോലിയാണിപ്പോൾ നടക്കുന്നത്.

കെ.എസ്.ഐ.ടി.ഐ.എൽ. (കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്), സംസ്ഥാന വൈദ്യുതി ബോർഡ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പദ്ധതി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘ഭെൽ’ (ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡ്) ആണ് നടപ്പാക്കുന്നത്.

മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ‘റെയിൽടെൽ’ എസ്.ആർ.ഐ.ടി, എൽ.എസ്. കേബിൾ എന്നീ സ്ഥാപനങ്ങളും നിർദിഷ്ടജോലികൾ ബെല്ലിന്റെ മേൽനോട്ടത്തിൽ ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് ശൃംഖലയുടെ അടിസ്ഥാനസൗകര്യമൊരുക്കുന്ന ‘പ്രീ ഫാബ്രിക്കേറ്റഡ് ഷെൽട്ടർ’ ഒരുക്കുന്നത് എസ്.ആർ.ഐ.ടി.യാണ്. സംസ്ഥാനത്ത് 375 ഇടത്താണ് ഇത് നിർമിക്കുന്നത്. വലിയ ടവർ വഴി കേബിളുകൾ വലിക്കുന്ന ജോലിയാണ് എൽ.എസ്. ചെയ്യുന്നത്.

ആദ്യഘട്ടം 28,000 കണക്ഷൻ

സംസ്ഥാനത്ത് തുടക്കത്തിൽ 36,000 കിലോമീറ്റർ ദൂരത്തിലാണ് കേബിൾ സ്ഥാപിക്കുന്നത്. വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളുമുൾപ്പെടെ 28,000 കണക്ഷൻ ആദ്യഘട്ടത്തിൽ നൽകും. അടുത്ത ഘട്ടത്തിൽ ഗാർഹിക കണക്‌ഷനുകളും. സാധാരണ കേബിൽ നെറ്റ് വർക്കുകളെ അപേക്ഷിച്ച് വേഗം കൂടിയതും കാര്യക്ഷമവുമായ ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് കെ-ഫോണിന്റെ സവിശേഷത.

10 എം.ബി.പി.എസ്. (മെഗാ ബൈറ്റ്സ് പെർ സെക്കൻഡ്‌) മുതൽ ഒരു ജി.ബി.പി.എസ്. (ജിഗാ ബൈറ്റ് പെർ സെക്കൻഡ്‌) വരെ വേഗം ഈ ഇന്റർ നെറ്റിനുണ്ടാവും.

കാക്കനാട് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ‘നോക്ക്’ (നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ) ആണ് പദ്ധതിയുടെ കാര്യക്ഷമതയും കൃത്യതയും പരിശോധിക്കുന്ന പ്രധാന കേന്ദ്രം. സേവന ശൃംഖലയിൽ എവിടെയെങ്കിലും തകരാറുണ്ടെങ്കിൽ അവിടെവെച്ച് കണ്ടെത്താനും ഉടൻ പ്രവർത്തന ക്ഷമമാക്കാനും കഴിയും.

കേബിൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായാൽ ഇന്റർനെറ്റ് ദാതാക്കളായ കമ്പനികളിൽനിന്ന് ആഗോള ടെൻഡർ വിളിക്കും. കെ.ഫോണിന്റെ ഒപ്റ്റിക്കൽ കേബിൾ സ്ഥാപിക്കുന്ന ജീവനക്കാർ