തളിപ്പറമ്പ് : അതി ദരിദ്രരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറിമാർക്ക് കില പരിശീലനം നൽകി. അതി ദരിദ്രരെ കണ്ടെത്തി വിവിധ മൈക്രോപ്ലാനുകൾ തയ്യാറാക്കും.

അടുത്ത അഞ്ചുവർഷംകൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള പരിപാടിക്കാണ് തുടക്കമിടുന്നത്. ജില്ലയിലെ നഗരസഭാ സെക്രട്ടറിമാർക്കും എച്ച്.ഐ. മാർക്കുമായിരുന്നു ഇ.ടി.സി.യിൽവെച്ച് കില ക്ലാസ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, വി.ഇ.ഒ.മാർ എന്നിവർക്ക് പരിശീലനമുണ്ടായിരുന്നു.

ഒക്ടോബർ 26-ന് ജില്ലയിലെ പഞ്ചായത്ത്‌ പ്രസിഡന്റുമാർ മുനിസിപ്പൽ ചെയർമാന്മാർ, ബ്ലോക്ക്‌ പ്രസിഡന്റുമാർ, കോർപ്പറേഷൻ മേയർമാർ എന്നിവർക്ക് കണ്ണൂർ ഡി.പി.സി. ഹാളിൽ ക്ലാസ് നൽകും. തുടർന്ന് ഒക്ടോബർ 27 മുതൽ 30 വരെ വിവിധ ബ്ലോക്ക്‌ പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ മുഴുവൻ ജനപ്രതിനിധികൾക്കും പരിശീലനമുണ്ട്.

തളിപ്പറമ്പിൽ ജില്ലാ പ്രൊജക്ട്‌ ഡയറക്ടർ ടൈനി സൂസൻ ജോൺ ഉദ്ഘാടനംചെയ്തു. ഇ.ടി.സി. പ്രിൻസിപ്പൽ പി.സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. പി.വി.രത്നാകരൻ, പി.പി.ദമോദരൻ, പി.പി.സുകുമാരൻ, ഇ.രാഘവൻ എന്നിവർ ക്ലാസ്സെടുത്തു. ടി.മോഹനൻ സംസാരിച്ചു.