കണ്ണൂർ : ജില്ലാ ആസ്പത്രിക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ല. ഉള്ള സ്ഥലമാകട്ടെ കുഴിയും കൂറ്റൻ കല്ലുകളും നിറഞ്ഞ് തകർച്ചയിലും. ആസ്പത്രിക്ക് മുന്നിൽ റോഡരികിലായി ഒട്ടേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും വേണ്ടരീതിയിൽ നിർത്തിയിടാനുള്ള സൗകര്യമാണ് ഇല്ലാത്തത്. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് ഇവിടെ തകർന്നുകിടക്കുകയാണ്. കന്റോൺമെന്റ് അധികൃതരുടെ അധീനതയിലാണ് ഇൗ സ്ഥലം. അത്യാസന്ന നിലയിലുള്ള രോഗികളുമായി ആസ്പത്രിയിലെത്തുന്ന സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ വാഹനം എവിടെ നിർത്തുമെന്നറിയാതെ നെട്ടോട്ടമോടുകയാണ്. ദൂരെ മാറി ഇംഗ്ലീഷ് പള്ളി പരിസരത്ത് വാഹനം പാർക്ക് ചെയ്ത് രോഗിയെ താങ്ങിയെടുത്ത് ആസ്പത്രിയിലെത്തിക്കേണ്ട സ്ഥിതിവരെയുണ്ട്. ഇവിടം കൊരുപ്പുകട്ട പാകി സൗകര്യപ്രദമാക്കുന്ന പദ്ധതി ആലോചനയിലുണ്ടായിരുന്നെങ്കിലും ഇത് യാഥാർഥ്യമായില്ല. പഴയ കാഷ്വാലിറ്റിയോട് ചേർന്നുള്ള തുറസ്സായ സ്ഥലത്തും വാഹന പാർക്കിങ്ങിന് സൗകര്യമുണ്ടെങ്കിലും ഇവിടെയും തറ സമനിരപ്പല്ല. ആസ്പത്രി രക്തബാങ്കിനും മോർച്ചറിക്കും സമീപം പാർക്കിങ് സൗകര്യമുണ്ടെങ്കിലും മുൻവശത്തുകൂടി സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.