ചെറുപുഴ : തിരുമേനി-താബോർ റോഡിൽ ആലുങ്കൽപ്പടിയിൽ റോഡിൽനിന്ന് 25 അടി താഴ്ചയിലേയ്ക്ക് മീൻവണ്ടി വീണ് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ തിരുമേനിയിലെ കൊച്ചുചിറയിൽ ജിതിൻ രാജുവിനെ (22) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രാപ്പൊയിൽ പെരുന്തടത്തിലെ പയ്യൻവീട്ടിൽ സാലു ബാലകൃഷ്ണനെ (24) പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പകുതി കോൺക്രീറ്റ് ചെയ്ത കലുങ്കിന്റെ മറുഭാഗത്ത് 25 അടി താഴ്ചയുള്ള കുഴിയിലേക്കാണ് മീൻവില്പനയ്ക്ക് പോയ പെട്ടിഓട്ടോറിക്ഷ വീണത്. നാട്ടുകാർ ഓടിക്കൂടിയാണ് ഇരുവരെയും പുറത്തെടുത്തത്. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം.

കലുങ്കുപണി തുടങ്ങിയിട്ട് ഒന്നരവർഷത്തിലേറെയായി. പകുതിഭാഗം മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. ബാക്കിയുള്ള ഭാഗത്തുകൂടി ഞെരുങ്ങിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മണ്ണ് വന്ന് മൂടി പഴയ കലുങ്കിന്റെ പാർശ്വഭിത്തി പൂർണമായും മൂടിയ നിലയിലാണുള്ളത്. വലിയ ഇറക്കത്തിലാണ് കലുങ്കുള്ളത്. അല്പം തെറ്റിയാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുമെന്ന് ഉറപ്പാണ്. അശാസ്ത്രീയമായ നിർമാണമാണ് നടക്കുന്നതെന്ന് വ്യാപകമായ പരാതിയും ഉണ്ട്. കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരേ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.