കണ്ണൂർ : കാലിയടിച്ചുപോകുമ്പോഴും കൈകാണിച്ചാൽ നിർത്തില്ലെന്നാണ് കെ.എസ്.ആർ.ടി.സി.യെക്കുറിച്ച് പണ്ടുള്ള പരാതി. എന്നാൽ ഇക്കുറി ഒരു യാത്രക്കാരനെ അന്വേഷിച്ച് അഞ്ച്‌ കിലോമീറ്ററോളം തിരിച്ചോടി. കെ.എസ്.ആർ.ടി.സി. ചരിത്രത്തിൽ ഇടംപിടിച്ചു. ഒരാഴ്ച മുൻപാണ് സംഭവം.

ഇരിട്ടി ബസ് സ്റ്റാൻഡിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ബസാണ് വലിയ 'ഉത്തരവാദിത്വ' മാതൃക കാണിച്ചത്. ബെംഗളൂരുവിൽനിന്ന്‌ മൈസൂരു, വീരാജ്‌പേട്ട, ഇരിട്ടി, കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന സൂപ്പർ എക്‌സ്പ്രസ് ബസ് ഇരിട്ടിയിൽ എത്തിയപ്പോൾ ഏച്ചൂർ വഴി പോകുമോ എന്ന് ഒരാൾ ചോദിച്ചു. ഇല്ലെന്ന് കണ്ടക്ടർ മറുപടിയും നൽകി.

മോശമല്ലാത്ത യാത്രക്കാരുമായി പുറപ്പെട്ട വണ്ടി ഉളിയിൽ എന്ന സ്ഥലത്തെത്തിയപ്പോൾ കണ്ടക്ടർക്ക് ഒരുഫോൺ. ഉയർന്ന ഓഫീസറുടെതാണ്. എന്തുകൊണ്ട് യാത്രക്കാരനെ കയറ്റിയില്ല. യാത്രക്കാരനെയും കൂടെയുള്ളവരെയും കയറ്റിയില്ലെന്ന് പരാതി വന്നിട്ടുണ്ട്. ഉടൻ വണ്ടി തിരിച്ചെടുത്ത്‌ യാത്രക്കാരനെ കയറ്റണം.

മുകളിൽനിന്നുള്ള ഉത്തരവായതിനാൽ പാവം കണ്ടക്ടർ മറ്റൊന്നും ചിന്തിച്ചില്ല. വണ്ടി തിരിച്ചുവിടാൻ ഡ്രൈവർക്ക് നിര്‍ദേശം നൽകി.

ഇത്രദൂരം സഞ്ചരിച്ച വണ്ടി പെട്ടെന്ന് തിരിച്ചുവിട്ടപ്പോൾ യാത്രക്കാർ ചോദ്യങ്ങളുമായി മുന്നോട്ടുവന്നു. ആരും ഒരുമറുപടിയും പറഞ്ഞില്ല. നേരെ ഇരിട്ടി സ്റ്റാൻഡിലെത്തി യാത്രക്കാരനെ തപ്പി. യാത്രക്കാരന്റെ പൊടിപോലും കണ്ടില്ല. യാത്രക്കാരനെ കിട്ടിയില്ലെന്ന് കണ്ടക്ടർ റിപ്പോർട്ടുചെയ്ത ശേഷമാണ് ബസ് യാത്ര തുടങ്ങിയത്.

ഏച്ചൂർ വഴി ബസ് പോകില്ലെന്ന് യാത്രക്കാരനോട് പറഞ്ഞിരുന്നുവെന്ന് കണ്ടക്ടർ പറഞ്ഞു. അയാൾ ചിലപ്പോൾ ഓഫീസിൽ വിളിച്ച്‌ തെറ്റിദ്ധരിപ്പിച്ചതായിരിക്കും കണ്ടക്ടർ പറഞ്ഞു.

ഏച്ചൂർവഴി ബസ് പോകില്ലെന്നറിഞ്ഞിട്ടും ഇത്രദൂരം ബസ് തിരിച്ചെടുത്ത് യാത്രക്കാരനെ അന്വേഷിക്കാൻ പറഞ്ഞ ഉന്നത ഉദ്യോഗസ്ഥന്റെ നടപടിയിൽ ജീവനക്കാർക്ക് പ്രതിഷേധമുണ്ട്. ഓഫീസർക്ക് ആരാണ് വിവരം കൈമാറിയതെന്നും അറിവായിട്ടില്ല.