കല്യാശ്ശേരി : ഞായറാഴ്ച പുലർച്ചെ കല്യാശ്ശേരിയിലെ മൂന്ന് എ.ടി.എമ്മുകൾ തകർത്ത് മോഷണം നടത്തിയത് ഒരേ മോഷണസംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഫെബ്രുവരി 21-ന് പുലർച്ചെ ഒരുമണിക്കും മൂന്നരയ്ക്കും ഇടയിലാണ് മൂന്ന് കവർച്ചകളും നടന്നത്. എല്ലാ കവർച്ചയ്ക്കും ഉപയോഗിച്ചത് ഗ്യാസ് കട്ടർ തന്നെയാണ്. മൂന്ന് എ.ടി.എമ്മിലെയും പണം സൂക്ഷിക്കുന്ന ട്രേ വെക്കുന്ന സ്ഥലം കൃത്യമായി അറിയുന്ന വിദഗ്ധസംഘമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കൃത്യമായി ആ ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് പണം കവർന്നത്.
മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിലെ മൂന്ന് എ.ടി.എമ്മുകളിൽനിന്ന് 25 ലക്ഷത്തോളം രൂപ വളരെ തന്ത്രപരമായാണ് ഇവർ കവർന്നതെന്നാണ് പോലീസ് പറയുന്നത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കല്യാശ്ശേരിയിലും മാങ്ങാട്ടും പലരും ഇതിനകം കടകളും കെട്ടിടങ്ങളും വിട്ടുനൽകിയിരുന്നു. അതിന്റെ ഭാഗമായി പാതയ്ക്കരിക്കിലെ പല കടകളും അടച്ചിട്ട നിലയിലായിരുന്നു. അതിനിടയിലാണ് കല്യാശ്ശേരി ദേശീയപാതയ്ക്കരികിലെ രണ്ട് എ.ടി.എമ്മുകളിൽ കവർച്ച നടന്നത്. ഇക്കാര്യത്തെക്കുറിച്ചെല്ലാം കവർച്ചസംഘത്തിന് അറിവുണ്ടെന്നാണ് അനുമാനം. ഇരിണാവിലെ എ.ടി.എമ്മും വളരെ വിദഗ്ധമായി തകർത്ത് പണം കവർന്നതോടെ പ്രദേശങ്ങളെക്കുറിച്ചും മോഷണസംഘത്തിന് നല്ല ധാരണയുണ്ടെന്നും വ്യക്തം.
തിങ്കളാഴ്ച രാവിലെ തകർത്ത കല്യാശ്ശേരിയിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിൽനിന്ന് കണ്ണൂരിൽനിന്നെത്തിയ വിരലളയാടവിദഗ്‌ധരായ സിന്ധു, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തു. കെ. ഷെറിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പോലീസ് നായ എ.ടി.എമ്മിന്റ പിറകിൽ ആൾത്താമസമില്ലാത്ത വീടുവരെ ഓടിയാണ് തിരിച്ചെത്തിയത്.
ചില വാഹനങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണച്ചുമതലയുള്ള കണ്ണപുരം പോലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, എ.സി.പി. ബാലകൃഷ്ണൻ എന്നിവരും സ്ഥലത്തെത്തി അന്വേഷണം ഊർജിതപ്പെടുത്തി. കണ്ണപുരം സി.ഐ. സുകുമാരൻ, എസ്.ഐ. പരമേശ്വര നായിക്, എ.എസ്.ഐ. ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.