കൊട്ടിയൂർ : വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് തുടരുന്ന കൊട്ടിയൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ക്യാമറാ ട്രാപ്പുകൾ സ്ഥാപിക്കാൻ തീരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വളർത്തുമൃഗങ്ങൾക്ക് നേരെ വന്യമൃഗാക്രമണം തുടരുന്ന സാഹചര്യത്തിലാണ് കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതരുമായി ചർച്ച നടത്തിയത്.

വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന വന്യജീവികളെ കണ്ടെത്തുന്നതിനായുള്ള നടപടി സ്വീകരിക്കണം, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷികവിളകൾക്ക് കർഷകനുള്ള നഷ്ടപരിഹാരത്തുക കൃത്യമായി നൽകണം, രൂക്ഷമായ വന്യജീവി അക്രമണമുള്ള സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം തുടങ്ങിയവയാണ് യോഗത്തിൽ പഞ്ചായത്ത് അധികൃതർ വനം വകുപ്പിനോട് ഉന്നയിച്ചത്.

ചപ്പമല, പന്നിയാംമല, പാലുകാച്ചി എന്നിവിടങ്ങളിൽ വന്യമൃഗങ്ങളെ ആക്രമിക്കുന്നത് ഏത് ജീവിയാണെന്ന് അറിയാൻവേണ്ടി ക്യാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും, നഷ്ടപരിഹാരത്തുക ലഭിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും, കൊട്ടിയൂർ പഞ്ചായത്തിലെ വന്യജീവി പ്രശ്നങ്ങൾ ഡി.എഫ്.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കും, ജനജാഗ്രതാസമിതി ചേർന്ന് സോളാർ ലൈറ്റുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ തീരുമാനിക്കും, കാട്ടുപന്നിശല്യം രൂക്ഷമായ സ്ഥലത്ത് പന്നികളെ വെടിവയ്ക്കാൻ ജാഗ്രതാസമിതി ചേർന്ന് റിപ്പോർട്ട് ഡി.എഫ്.ഒ.യ്ക്ക് നൽകി ഉത്തരവ് വാങ്ങിയശേഷം ലൈസൻസ് തോക്കുള്ള കർഷകർക്ക് വെടിവയ്ക്കാൻ ഉത്തരവ് നൽകും.

നിലവിൽ കൊട്ടിയൂർ പ്രദേശത്ത് കടുവകൾ ഉണ്ടോയെന്ന് പറയാൻ കഴിയില്ലെന്നും കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് പറഞ്ഞു.

പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.സി. രാജീവൻ, മണത്തണ സെക്ഷൻ ഫോറസ്റ്റർ എം. മഹേഷ്, ബീറ്റ് ഓഫീസർ രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തിയിൽ, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.