ന്യൂമാഹി : തലശ്ശേരി-മാഹി ബൈപ്പാസ് കടന്നുപോകുന്ന വഴിയിലുള്ള ചാലക്കര-പള്ളൂർ റോഡ് മേല്പാലം പ്രവൃത്തി ഉടൻ പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹിയിലെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പ്രക്ഷോഭത്തിന്. ഗതാഗതത്തിരക്കുള്ള ഒരുറോഡ് രണ്ടര വർഷത്തിലേറെ അടച്ചിടുന്നത് നീതീകരിക്കാനാവില്ല. അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥ വെടിഞ്ഞ് അടിയന്തരമായി നിർമാണം പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഓട്ടോ തൊഴിലാളികൾ അടുത്തദിവസം സമരത്തിനിറങ്ങും. യൂണിയൻ നേതാക്കളായ വടക്കൻ ജനാർദനൻ, കണ്ട്യൻ പ്രേമൻ (സി.ഐ.ടി.യു.), കുനിയിൽ സത്യൻ (ബി.എം.എസ്.), ചേലോട്ട് സത്യാനന്ദൻ (ഐ.എൻ.ടി.യു.സി.) എന്നിവർ മാഹി അഡ്മിനിസ്ട്രേറ്റർക്കും പൊതുമരാമത്ത് എക്സി. എൻജിനീയർക്കും നിവേദനം നൽകി.