ചെറുപുഴ : കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടറുടെ ടിക്കറ്റ് റാക്ക് ഉൾപ്പെടെയുള്ള രേഖകളും പണവുമടങ്ങിയ ബാഗും മോഷണം പോയി. മൂവാറ്റുപുഴ-ചെറുപുഴ-കൊന്നക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ കണ്ടക്ടറുടെ ബാഗാണ് മോഷണം പോയത്.

ചൊവ്വാഴ്ച വൈകുന്നേരം ഡ്രൈവറും കണ്ടക്ടറും ചെറുപുഴ ബസ് സ്റ്റാൻഡിൽ ബസ് നിർത്തിയശേഷം ചായ കുടിക്കാൻ പോയിരുന്നു. ഈ സമയത്താണ് ബാഗ് മോഷണം പോയതെന്നാണ് കരുതുന്നത്. കൊന്നക്കാട്ടെത്തി ബാഗെടുക്കാൻ നോക്കുമ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ടിക്കറ്റ് റാക്ക് കൂടാതെ പേഴ്സ്, എ.ടി.എം. കാർഡ്, ഡ്രൈവിങ് ലൈസൻസ്, ബൈക്കിന്റെ താക്കോൽ, വസ്ത്രങ്ങൾ എന്നിവയും ബാഗിലുണ്ടായിരുന്നു. കണ്ടക്ടർ സിബി തോമസും ഡ്രൈവർ കെ.കെ.ജോമോനും ചെറുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.