ഇരിട്ടി : പടിയൂർ പഞ്ചായത്തിലെ കല്യാട് വില്ലേജിൽ നടക്കുന്ന മുഴുവൻ ചെങ്കൽ ഖനനവും നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു. മേഖലയിലെ 2000 ഏക്കറോളം പ്രദേശത്ത് അനധികൃതമായി നടത്തുന്ന ഖനനമാണ് തടഞ്ഞത്. ഊരത്തൂർ, കല്യാട് മേഖലയിലായി ജിയോളജിവകുപ്പിന്റെ അനുമതിയോടെ നാമമാത്രമായ ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്.

ഇതിന്റെ മറവിൽ പ്രദേശത്ത് നൂറിലധികം അനധികൃത ക്വാറികളും പ്രവർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിനായി ഏറ്റെടുക്കാനിരിക്കുന്ന റവന്യൂവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളിലും ഖനനം നടത്തുകയായിരുന്നു. നേരത്തേ, മുഴുവൻ ഖനനവും തടഞ്ഞിരുന്നു.

ചെങ്കല്ലിന്റെ ക്ഷാമവും തൊഴിലാളിയൂണിയനുകളുടെ സമ്മർദവും പരിഗണിച്ച് ഖനനത്തിന് അനുമതി നൽകുകയായിരുന്നു. ഇതിന്റെ മറവിൽ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി നടത്തുന്ന ഖനനവും ഇതിനെത്തുടർന്ന് ചെങ്കൽ ലോബികൾ തമ്മിലുള്ള സംഘർഷവും മറ്റും കൂടിവന്നതോടെയാണ് കളക്ടർ പ്രദേശത്തെ ഖനനം മുഴുവൻ നിർത്തിവെക്കാൻ ഉത്തരവിട്ടത്.

നിരോധനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചു. ഇരിട്ടി െഡപ്യൂട്ടി തഹസിൽദാർമാരായ എ.വി.പദ്‌മാവതി, എം.ലക്ഷ്മണൻ, സീനിയർ സൂപ്രണ്ട് ഷീന, കല്യാട് വില്ലേജ് ഓഫീസർ സിബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ റവന്യൂസംഘം ചൊവ്വാഴ്ച മേഖലയിൽ പരിശോധന നടത്തി. മുഴുവൻ വാഹനങ്ങളും ഉപകരണങ്ങളും ക്വാറികളിൽനിന്നും മാറ്റാൻ നിർദേശം നൽകി. ബുധനാഴ്ച ഇവ ശ്രദ്ധയിൽപ്പെട്ടാൽ പിടിച്ചെടുക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറയിപ്പും നല്കി.

ഊരത്തൂർ, കല്യാട്, നീലികുളം ഭാഗങ്ങളിൽനിന്ന്‌ ദിനംപ്രതി നൂറുകണക്കിന്‌ ലോഡ് ചെങ്കല്ലുകളാണ് കടത്തിപ്പോകുന്നത്. ഇവിടെ ഒന്നോ രണ്ടോ സെന്റ് സ്ഥലത്ത് ഖനനത്തിനായി ജിയോളജിവകുപ്പിൽനിന്നും അനുമതി വാങ്ങിയ ശേഷം ഇതുപയോഗിച്ച് ഏക്കറുകളോളം സ്ഥലമാണ് ഖനനംചെയ്യുന്നത്. രാഷ്ട്രീയ സമ്മർദം കാരണം റവന്യൂവിഭാഗമോ ജിയോളജിവകുപ്പോ പ്രദേശത്ത് പരിശോധനയ്ക്ക് പോലും എത്താറില്ല. ആയുർവേദ ഗവേഷണകേന്ദ്രത്തിനായി സ്ഥലം റീസർവേ ചെയ്ത് ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയപ്പോഴാണ് റവന്യൂഭൂമിയും ഏക്കറുകളോളം കൈയേറി ഖനനം നടത്തിയതായി കണ്ടെത്തിയത്.