ഇരിട്ടി : ഏഴുവയസ്സുകാരി ആവണിയുടെയും കുഞ്ഞനുജത്തി ആരണ്യയുടെയും കണ്ണുകളിൽ ഭീതി ഒഴിയുന്നില്ല. ഉറക്കത്തിനിടെ ഇരുവരെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു അച്ഛൻ ഷിജോയും അമ്മ ജിൻസിയും. പ്രഭാതത്തിലെ ആദ്യ കാഴ്ചതന്നെ ഭീതിപ്പെടുത്തുന്നതായിരുന്നു. കിടന്നുറങ്ങിയ വീടിന്റെ ഒരു ഭാഗം കാട്ടാന തകർത്തിരുന്നു. ആറളം ഫാം ഏഴാം ബ്ലോക്കിലെ ഷിജോ-ജിൻസി ദമ്പതിമാർ താമസിക്കുന്ന കുടിലിന്റെ ഒരുഭാഗം കാട്ടാന തകർത്തു. കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

ബുധനാഴ്ച രാവിലെ ആറരയോടെയാണ് കാട്ടാന ഇവരുടെ കുടിലിനടുത്തെത്തിയത്. തെങ്ങോലയും പോളിത്തീൻ ഷീറ്റും കൊണ്ട് മറച്ചുകെട്ടിയ ഒറ്റമുറി കൂരയ്ക്കുള്ളിലാണ് ഇവർ കഴിയുന്നത്. കുടിലിന്റെ പിറകുവശത്ത് എത്തിയ കാട്ടാന തുമ്പിക്കൈ ഉയർത്തി ഷീറ്റ് വലിച്ചു. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ആനയെ കണ്ടത്. ഉടൻ തന്നെ ഉറങ്ങുകയായിരുന്ന രണ്ട് മക്കളെയുമെടുത്ത് മഴയിൽ ഇരുവരും പുറത്തേക്ക് ഓടി.

ആന കൂടുതൽ നാശം വരുത്താതെ ഷീറ്റിന്റെ ഒരു ഭാഗം വലിച്ചതിനുശേഷം വന്ന വഴിയേ പോയി. ഭാഗ്യംകൊണ്ടാണ് കുഞ്ഞുങ്ങളെയും കൊണ്ട് രക്ഷപ്പെട്ടതെന്നും ഭീതിയോടെയാണ് ഇവിടെ കഴിയുന്നതെന്നും ഷിജോ പറഞ്ഞു. 13 വർഷമായി ഇവർ കുടിലിൽ കഴിയുകയാണ്. ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്.