പയ്യന്നൂർ: പയ്യന്നൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്കൂളിൽ വിജിലൻസ് പരിശോധന നടത്തി. പിലാത്തറ ചുമടുതാങ്ങിയിലെ കേംബ്രിഡ്ജ് ഡ്രൈവിങ് സ്കൂളിലാണ് വിജിലൻസ് സംഘം ബുധനാഴ്ച പരിശോധന നടത്തിയത്. മൂന്നുമണിക്കൂറോളം നീണ്ട പരിശോധനയിൽ നിരവധി രേഖകൾ കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പയ്യന്നൂരിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കരിവെള്ളൂർ തെരുവിലെ പി.വി.പ്രസാദിനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ കഴിഞ്ഞദിവസം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രസാദിന്റെ വഴിവിട്ട ഇടപാടുകൾക്ക് ഒത്താശചെയ്യുന്നത് ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരാണെന്ന് പരാതികളുയർന്നിരുന്നു. സബ്‌.ആർ.ടി.ഓഫീസിൽ നടത്തിയ റെയ്ഡിൽ ഡ്രൈവിങ് സ്കൂളിന്റെ ഇടപെടലുകളിലേക്ക് വിരൽചൂണ്ടുന്ന ചില തെളിവുകളും വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ മൂന്നുമണിക്കൂർ നീണ്ടുനിന്ന ഡ്രൈവിങ് സ്കൂളിലെ പരിശോധന. നിരവധി വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളാണ് ഇവിടെനിന്ന്‌ പിടികൂടിയത്. ഇവയുടെ കൃത്യമായ പരിശോധനകൾ നടത്തണ്ടേതുണ്ടെന്നും ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾക്ക് ഇവ സഹായകമാകുമെന്നും വിജിലൻസ് സംഘം പറഞ്ഞു.