മയ്യഴി : മാഹി സെയ്ന്റ് തെരേസ തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ 15-ാം ദിനമായ ചൊവ്വാഴ്ച രാവിലെ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ മുഖ്യ കാർമികത്വം വഹിച്ചു.

തുടർന്ന് ഭക്തജനത്തിരക്കനുസരിച്ച് വിവിധ സമയങ്ങളിലും ദിവ്യബലി നടത്തി. വൈകുന്നേരം ഫാ. സനൽ ലോറൻസിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും അർപ്പിച്ചു. തുടർന്ന് വിശുദ്ധ അമ്മത്രേസ്യ മാതാവിനോടുള്ള നൊവേനയും നടത്തി. ആഘോഷമായ ദിവ്യബലിക്ക് സെയ്ന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയും മരണാനന്തര സഹായ സംഘം അംഗങ്ങളും നേതൃത്വം നൽകി.

ദേവാലയത്തിലെ തിരുചടങ്ങുകൾക്ക് സഹവികാരി ഫാ. ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ, കമ്മിറ്റി ഭാരവാഹികൾ, കന്യാസ്ത്രീകൾ, ഇടവക ജനങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

തിരുനാളിന്റെ 16-ാം ദിനമായ 20-ന് രാവിലെ ഏഴിന് ദിവ്യബലി ഉണ്ടാവും. വൈകുന്നേരം ആറിന് ഫാ. ജോയി പൈനാടത്തിന്റെ മുഖ്യ കാർമികത്വത്തിലും ദിവ്യബലി നടക്കും. തിരുനാൾ 22-ന് സമാപിക്കും.