പാനൂർ : കക്കയം കരിയാത്തും പാറയിൽ പുഴയിൽ മുങ്ങിമരിച്ച കണ്ണങ്കോട്ടെ കൊല്ലന്റവിട മിഥിലാജിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പാറാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ മിഥിലാജ് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്. ദുബായിലായിരുന്ന പിതാവ് കൊല്ലന്റവിട മുഹമ്മദും അടുത്ത മൂന്ന്‌ ബന്ധുക്കളും ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ മൃതദേഹപരിശോധനയ്ക്ക് ശേഷം വീട്ടിലെത്തിച്ചപ്പോൾ കെ.പി.മോഹനൻ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് കെ.ലത, രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിനുപേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. പ്ലസ്ടു വിദ്യാർഥിയായ മിഥിലാജ് പഠിച്ചിരുന്ന പാനൂർ പി.ആർ.എം. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും സഹപാഠികളും അന്തിമോപചാരമർപ്പിച്ചു.