മട്ടന്നൂർ : കല്ലൂർ വാർഡിൽ ഏതാനും പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പരിശോധനയിൽ പ്രദേശത്തെ വീടുകളുടെ ടെറസിൽ വൻതോതിൽ ഈഡിസ് കൊതുക് കൂത്താടികളെ കണ്ടെത്തി. പല വീട്ടുപറമ്പിലും വെള്ളം കെട്ടിക്കിടക്കുന്ന രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെത്തി. ടെറസുകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനും മറുനാടൻ തൊഴിലാളികളെ താമസിപ്പിക്കുന്നവരും മറ്റും പരിസര പ്രദേശം ശുചിയായി സൂക്ഷിക്കാനും നിർദേശം നൽകി.

കൗൺസിലർ സുജാത, വാർഡ് സാനിറ്റേഷൻ കമ്മിറ്റി കൺവീനർ മേരി ഷേർലി, ആശാവർക്കർ ബീന കൃഷ്ണൻ, വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാരായ ടി.രാജൻ, കെ.പി.പ്രജീഷ് എന്നിവർ നേതൃത്വം നൽകി.

മുൻ വർഷങ്ങളിൽ മട്ടന്നൂർ മേഖലയിൽ ഡെങ്കിപ്പനി വൻതോതിൽ പടർന്നുപിടിച്ചിരുന്നു. ഇത് മുൻകൂട്ടിക്കണ്ട് ഇത്തവണ കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നഗരസഭ നിർദേശം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡെങ്കിപ്പനി കൂടി പടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.