ശ്രീകണ്ഠപുരം : റോഡ് വികസിപ്പിച്ച് ടാറിങ് പൂർത്തിയാക്കിയിട്ട് മൂന്നുമാസം കഴിയുമ്പോഴേക്കും തകർന്ന് കുറുമാത്തൂർ-കൂനം-കുളത്തൂർ-കണ്ണാടിപ്പാറ റോഡ്. പ്രധാനമന്ത്രി ഗ്രാമവികസനപദ്ധതി പ്രകാരം 9.5 കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് 11.3 കിലോമീറ്റർ വരുന്ന കുറുമാത്തൂർ-കൂനം-കുളത്തൂർ-കണ്ണാടിപ്പാറ റോഡ് പണി നടത്തിയത്.

പണി തീർന്നതോടെ പലയിടത്തും റോഡ് തകരാനും തുടങ്ങി. ടാറിങ് അടർന്ന് പുറത്തുവരുന്ന കാഴ്ചയാണ് ആദ്യമുണ്ടായത്. ക്രമേണ വലിയ കുഴികൾ രൂപപ്പെട്ടു. നിലവിൽ കാൽനടയാത്ര പോലും സാധ്യമല്ലാത്തവിധം റോഡ് പല സ്ഥലങ്ങളിലും തകർന്നിട്ടുണ്ട്. റോഡുപണിയിൽ ക്രമക്കേട് നടത്തിയതിനാലാണ് റോഡ് ഇങ്ങനെ തകർന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വകുപ്പ് മന്ത്രിക്കും വിജിലൻസിനുമടക്കം പരാതിയും നൽകിയിട്ടുണ്ട്.

കരാറുകാരനെതിരെ നടപടിയെടുക്കണമെന്നും പുതുതായി ടാറിങ് നടത്തി റോഡ് മെച്ചപ്പെടുത്തണമെന്നും കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത്.

പണി തുടക്കത്തിലേ ക്രമക്കേട് നടക്കുന്നതായി പരാതി നൽകിയിട്ടും അധികൃതർ മൗനം നടിച്ച് ഒത്താശ ചെയ്തതാണ് റോഡ് ഇത്രമാത്രം തകരാനിടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

റോഡ് നിർമാണത്തിലെ അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് റോഡ് സന്ദർശിച്ച ശേഷം ബി.ജെ.പി. ജില്ലാ പ്രസിഡൻറ്്‌ എൻ.ഹരിദാസ് ആവശ്യപ്പെട്ടു.