പറശ്ശിനിക്കടവ് : തൂണുകൾക്ക് ബലക്ഷയം സംഭവിച്ച പറശ്ശിനിക്കടവ് പാലത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. വിള്ളൽ വീണ മൂന്നുതൂണുകൾക്കാണ് ബലക്ഷയമുണ്ടായത്.

ആന്തൂർ നഗരസഭയെയും മയ്യിൽ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ഇതിൽ പറശ്ശിനിക്കടവ് ഭാഗത്തെ തൂണുകളിലാണ് വിള്ളലുണ്ടായത്.

തൂണുകളിൽ വിണ്ടും വിള്ളലും സിമന്റ് പാളി അടർന്നുവീണ് കമ്പികൾ പുറത്തായ നിലയിലും കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ ജലസേചന വകുപ്പ് മുൻകൈയെടുത്തത്. 2019-ൽ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഇപ്പോൾ മാത്രമാണ് പ്രവൃത്തി തുടങ്ങാനായത്.

തകർച്ചയുണ്ടായ ഒരു തൂണിന്റെ അറ്റകുറ്റപ്പണി മാത്രമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പഴകി ദ്രവിച്ച കമ്പികൾ മാറ്റി പുതുതായി കോൺക്രീറ്റ് മിശ്രിതം ചേർത്ത് ഉറപ്പാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ അടയ്ക്കുകയും ചെയ്യും.

ഹൈ പ്രഷർ പമ്പ് ഉപയോഗിച്ച് കോൺക്രീറ്റ് മിശ്രിതം തൂണുകളുടെ ഉള്ളിലെത്തിക്കും. എറണാകുളത്ത് നിന്നുള്ള വിദഗ്‌ധരായ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. എക്സിക്യൂട്ടീവ് എൻജീനീയർ സാബു, അസി. എക്സിക്യൂട്ടീവ് എൻജീനീയർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടിൽ സഞ്ചരിച്ചാണ് പ്രവൃത്തികൾ വിലയിരുത്തിയത്.

2019-ൽ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ മൂന്നു തൂണുകളുടെ അറ്റകുറ്റപ്പണിക്കാണ് തുക ആവശ്യപ്പെട്ടത്. 34 ലക്ഷമാണ് അനുവദിച്ചത്.

രണ്ടുവർഷം മുൻപ് കൊടുത്ത എസ്റ്റിമേറ്റ് തുക പ്രകാരം മൂന്ന്‌ തൂണുകളുടെ അറ്റകുറ്റപ്പണികൾ ഇപ്പോൾ നടത്താൻ സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ ഒരു തൂൺ മാത്രം ബലപ്പെടുത്തുന്നത്. 1997-ലാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലം തുറന്നതോടെയാണ് ആന്തൂർ-മയ്യിൽ ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമായത്.