ചെറുപുഴ : ജോസ്ഗിരിയിലെ പീഡന പരാതിയിൽ കേസെടുത്ത പോലീസ് പ്രതി കൺമുന്നിലുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തത് ഉന്നത രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണെന്ന് ചെറുപുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി കുറ്റപ്പെടുത്തി.

ഇരയ്ക്കൊപ്പം നിലകൊള്ളേണ്ട പോലീസ് സി.പി.എമ്മിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. മുൻകൂർ ജാമ്യമെടുക്കാൻ പ്രതിയെ സഹായിക്കുംവിധം താരതമ്യേന ചെറിയ വകുപ്പുകൾ മാത്രമാണ് എഫ്.ഐ.ആറിൽ ചേർത്തത്. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്ന് വീമ്പുപറയുകയും സ്ത്രീ പീഡകരെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ കേസിൽ സി.പി.എം. കൈക്കൊണ്ടത്.

പ്രതിക്കൊപ്പം നിലകൊള്ളുന്ന ചെറുപുഴ പോലീസിന്റെ നടപടി പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാണ്.

അടിയന്തരമായി പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ മഹേഷ്‌ കുന്നുമ്മൽ അധ്യക്ഷനായി. മനോജ്‌ വടക്കേൽ, ഷാജൻ ജോസ്, എം.കരുണാകരൻ, സതീശൻ കാർത്തികപ്പള്ളി, വർക്കി തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.