മാലൂർ : കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ ആരോഗ്യമേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എം.എൽ.എ. പറഞ്ഞു. കുണ്ടേരിപ്പൊയിലിൽ നവോദയ വായനശാല, ഗ്രന്ഥാലയത്തിന്റെയും ജാഗ്രതാസമിതിയുടെയും നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ സേവനത്തിന് ആരോഗ്യ പ്രവർത്തകരെയും സന്നദ്ധസേനാ വൊളന്റിയർമാരെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു കെ.കെ.ശൈലജ എം.എൽ.എ. ചടങ്ങിൽ മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്റ് ചമ്പാടൻ ജനാർദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ സജീവൻ എന്നിവർ ഉപഹാരങ്ങൾ നൽകി. പാറാലി ശിവപ്രസാദ്, മെഡിക്കൽ ഓഫീസർ ഡോ. കെ.പി.മഞ്ജുള, പി.മൈഥിലി, കുറുമാണി മനോജ്, റിട്ട. അധ്യാപകൻ കെ.ഗോവിന്ദൻ, കെ.ശശിധരൻ, കൂട്ട പ്രദീപ്‌കുമാർ, കെ.പ്രമോദ്, ഇ.പ്രേമാനന്ദ്, എ.സുന്ദരൻ എന്നിവർ സംസാരിച്ചു.

മാലൂർ സിറ്റിയിൽ ജാഗ്രതാസമിതി ആരോഗ്യ പ്രവർത്തകരെ ആദരിച്ച ചടങ്ങിലും കെ.കെ.ശൈലജ എം.എൽ.എ. പങ്കെടുത്തു. പേരാവൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമി പ്രേമൻ, പഞ്ചായത്തംഗം ചന്ദ്രമതി പരയത്ത്, മുൻ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി.വി.ജോർജ്, പുത്തലത്ത് അനിൽ, കെ.സുരേഷ് ബാബു, എൻ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.പ്രസിഡന്റ് വി. ഹൈമാവതി, വൈസ് പ്രസിഡൻറ് ചമ്പാടൻ ജനാർദ്ദനൻ എന്നിവർ ഉപഹാരങ്ങൾ വിതരണംചെയ്തു.