ഇരിട്ടി : ആദിവാസിവിഭാഗങ്ങളിൽനിന്നുള്ള കൂട്ടികൾ ഏറെയുള്ള ആറളം ഫാം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്ഥിരം അധ്യാപകരായി ആരും ഇല്ലാത്ത സാഹചര്യം വിവാദമായതോടെ വിദ്യാഭ്യാസവകുപ്പിൽനിന്നുള്ള ഉന്നതതലസംഘം സ്കൂളിലെത്തി വിവരശേഖരണം നടത്തി. മനുഷ്യാവകാശ കമ്മിഷൻ പ്രശ്നത്തിൽ ഇടപെടുകയും ഉടൻ സ്ഥിരം അധ്യാപകരെ നിയമിക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തിരുന്നു. മൂന്നുമാസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കാനായിരുന്നു ഉത്തരവ്. എന്നാൽ, കമ്മിഷൻ നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും സ്കൂളിൽ ഒരു അധ്യാപകന്റെയും സ്ഥിരനിയമനം പോലും ഉണ്ടായിട്ടില്ല.

സ്ഥിരാധ്യാപക നിയമനം, പ്രിൻസിപ്പൽ നിയമനം, കുട്ടികളുടെ യാത്രപ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പി.ടി.എ. പ്രസിഡന്റ് അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചിരുന്നു.

അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം തത്‌കാലത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ നാഷണൽ സർവീസ് സ്‌കീം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ജേക്കബ് ജോണിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചത്.

അധ്യാപകരുടെ നിയമനം മുതൽ എൻ.എസ്.എസ്. യൂണിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച സാധ്യതകളെ കുറിച്ചും കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന്റെ അടിയന്തരശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഡോ. ജേക്കബ് ജോൺ പറഞ്ഞു. എൻ.എസ്.എസ്. സംസ്ഥാന ഉപദേശക സമിതിയംഗം തോമസ് സക്കറിയ, ജില്ലാ കോ ഓർഡിനേറ്റർ ശ്രീധരൻ കൈതപ്രം, ക്ലസ്റ്റർ കൺവീനർ സാബു ജോസഫ്, സ്കൂൾ പ്രോഗ്രാം ഓഫീസർമാരായ ബിന്ദു പുതിയകാവിൽ, സജി ജോസഫ്, കെ.ഷിജു, വി.എസ്.വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പി.ടി.എ. പ്രസിഡന്റ് കെ.ബി.ഉത്തമൻ, പ്രിൻസിപ്പൽ ഇൻ ചാർജ് എൻ.സുലോചന എന്നിവരുമായി സംഘം ചർച്ച നടത്തി.