മുംബൈ : രാജ്യത്ത് പുതിയ കോവിഡ് കേസുകൾ മൂന്നുലക്ഷത്തിൽ താഴെയെത്തിയത് ഓഹരി വിപണിയെ ഉണർത്തി. തിങ്കളാഴ്ച ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 848.18 പോയന്റ് ഉയർന്നു. 49,580.73 പോയന്റിലാണ് സെൻസെക്സ് വ്യാപാരം നിർത്തിയത്. എൻ.എസ്.ഇ. സൂചികയായ നിഫ്റ്റി 245.35 പോയന്റ് കൂടി 14,923.15 പോയന്റിൽ ക്ലോസ് ചെയ്തു. രാവിലെ നേട്ടത്തോടെ തുടങ്ങിയ സൂചികകൾ ദിവസംമുഴുവൻ അത് നിലനിർത്തി. ബാങ്ക്, ഫിനാൻഷ്യൽ മേഖലകളിലെ ഓഹരികളാണ് തിങ്കളാഴ്ച കൂടുതൽ നേട്ടമുണ്ടാക്കിയത്.

സെൻസെക്സിലെ പ്രധാന പത്ത് ഓഹരികളിൽ എട്ടെണ്ണവും നേട്ടത്തിലാണ് അവസാനിച്ചത്. എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ., ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ഇൻഫോസിസ് എന്നിവയാണ് മികവുകാട്ടിയത്. അതേസമയം, സിപ്ല, എൽ ആൻഡ് ടി., ഭാരതി എയർടെൽ, നെസ്‌ലെ, മാരുതി തുടങ്ങിയവ നഷ്ടം നേരിട്ടു.