കണ്ണൂർ : കൈയിൽ ചുവപ്പും മഞ്ഞയും നിറമുള്ള സഞ്ചികൾ. നിശബ്ദതയിലാണ്ട വരാന്തയിൽ ജാഗ്രതയോടെയുള്ള കാൽവെപ്പ്... കൊറോണ വാർഡിൽനിന്ന് പുറത്തേക്കുള്ള വഴിയിൽ ഇവരെ നമ്മൾ കാണും. നഴ്‌സുമാരും ശുചീകരണ ജീവനക്കാരും. കൈയിലുള്ളത് സാദാ കിറ്റല്ല, വൈറസുള്ള മാരക ബയോ മെഡിക്കൽ വേസ്റ്റാണ്.

കൊറോണ വാർഡിന് ചുറ്റും പുറംലോകം അറിയാതെ പ്രവർത്തിക്കുന്ന ഇത്തരം നൂറുകണക്കിന് ജീവനക്കാരുണ്ട്. ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നവർക്കായുള്ള സുരക്ഷിത കൈകൾ. പെഴ്‌സണൽ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റി (പി.പി.ഇ.)നുള്ളിലെ ഈ ദൈവത്തിന്റെ കൈകളെ നാം ചുംബിച്ചുപോകും.

കൊറോണ വാർഡിനുള്ളിൽനിന്ന് കിലോക്കണക്കിന് ബയോ മെഡിക്കൽ മാലിന്യമാണ് സുരക്ഷിത സംസ്കരണത്തിന് ദിവസവും പുറത്തേക്ക് പോകുന്നത്. രാവിലെ നഴ്‌സുമാരുടെ മേൽനോട്ടത്തിൽ നഴ്‌സിങ് അസിസ്റ്റന്റുമാരും ശുചീകരണ ജീവനക്കാരും അതീവ ശ്രദ്ധയോടെ ഇത് കൈകാര്യംചെയ്യും. ജില്ലാ ആസ്പത്രിയിൽ 40-ഓളം ആരോഗ്യ ജീവനക്കാർ ഇതിന് പിന്നിലുണ്ടെന്ന് നഴ്സിങ് സൂപ്രണ്ട് ബെന്നി ജോസഫ് പറഞ്ഞു. പി.പി.ഇ. കിറ്റിനുള്ളിൽ മണിക്കൂറുകളാണ് ഇവരുടെ പ്രവർത്തനം. ചിലർക്ക് ഛർദ്ദിയടക്കമുള്ള അസ്വസ്ഥതകൾ വരും. സമയക്രമത്തിനുവേണ്ടി ഇപ്പോൾ ഡ്യൂട്ടി സമയം അഞ്ച്‌ ഷിഫ്റ്റുകളാക്കി. വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കൂടുമ്പോൾ മറ്റുള്ള ആസ്പത്രികളിൽനിന്ന് ജീവനക്കാരെ എത്തിക്കും. ആസ്പത്രിയിലൊരുക്കിയ പ്രത്യേക മുറിയിലേക്കാണ് ദിവസവും മാലിന്യ കിറ്റ് എത്തിക്കുക.

മാലിന്യം 'ഇമേജി'ലേക്ക്

ഐ.എം.എ.യുടെ മേൽനോട്ടത്തിലുള്ള ഇമേജി (IMAGE) ലേക്കാണ് ഈ മാലിന്യം സംസ്കരിക്കാൻ കൊണ്ടുപോകുന്നത്. ആസ്പത്രിയിൽ സജ്ജീകരിച്ച മുറിയിൽനിന്ന് ഇമേജിന്റെ ജീവനക്കാർ വണ്ടിയിൽവന്ന് ഇത് ശേഖരിക്കും. പാലക്കാടാണ് സംസ്കരണ കേന്ദ്രം. സംസ്ഥാനത്തെ ആസ്പത്രികൾ, ലാബുകൾ അടക്കം 15,200 സ്ഥാപനങ്ങൾക്കായി ഒരു ബയോമെഡിക്കൽ സംസ്കരണ കേന്ദ്രം മാത്രമാണ് സംസ്ഥാനത്തുള്ളത്.

പാലക്കാടുള്ള പ്ലാന്റിൽ 48 ടൺ സംസ്കരണ ശേഷിയാണുള്ളതെന്ന് ഇമേജ് ഓണററി സെക്രട്ടറി ഡോ. കെ.പി.ഷറഫുദ്ദീൻ പറഞ്ഞു. ഇപ്പോൾ പല ഷിഫ്റ്റുകളിലായി 21 മണിക്കൂറാണ് പ്രവർത്തന സമയം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 24 മണിക്കൂറാക്കാനാണ് ആലോചന.