കണ്ണൂർ : വിദ്യാർഥികൾക്ക് നെറ്റ്‌വർക്ക് കവറേജ് കുറവുള്ള സ്ഥലങ്ങളിലെ പ്രശ്നം രണ്ടുമാസത്തിനകം പരിഹരിക്കുമെന്ന് മേയർ ടി.ഒ.മോഹനൻ പറഞ്ഞു. വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി നെറ്റ്‌വർക്ക് കവറേജ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോർപ്പറേഷൻ വിളിച്ചുചേർത്ത സേവനദാതാക്കളുടെ യോഗത്തിലാണ് തീരുമാനം.

വിദ്യാർഥികൾക്ക്‌ ഗുണകരമായ സ്റ്റുഡന്റസ് ഫ്രണ്ട്‌ലി പ്ലാനുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മേയർ നിർദേശിച്ചു. വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞതും വേഗമേറിയതും ആയ പ്ലാൻ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് കമ്പനികൾ അറിയിച്ചു. നിർമാണത്തിലിരിക്കുന്ന ടവറുകളുടെ പണി ഉടൻ പൂർത്തിയാക്കുമെന്ന് കമ്പനികൾ അറിയിച്ചു. നാട്ടുകാരുടെ എതിർപ്പുമൂലം ടവർ നിർമാണം തടസ്സപ്പെട്ട സ്ഥലങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താനും തീരുമാനിച്ചു.

ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തതുമൂലം പഠനം തടസ്സപ്പെടുന്ന വിദ്യാർഥികൾക്ക് ഇത് സംബന്ധിച്ച് പരാതിപ്പെടുന്നതിന് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരത്തെ സംവിധാനം ഒരുക്കിയിരുന്നു. ഇതിൽ ലഭിച്ച അഞ്ഞൂറോളം പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്.

ഡെപ്യൂട്ടി മേയർ കെ. ഷബീന, സുരേഷ് ബാബു എളയാവൂർ, അഡ്വ. മാർട്ടിൻ ജോർജ്, ഷമീമ, അഡ്വ. പി. ഇന്ദിര, ബി.എസ്.എൻ.എൽ. ഡെപ്യൂട്ടി ജനറൽ മാനേജർ പി.വി. മോഹനൻ, ജിയോ മാനേജർ എ. അനീഷ്, വോഡാഫോൺ-ഐഡിയ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. സുനീഷ്, എയർടെൽ എൻജിനീയർ ഷിജേഷ് ഗ്ലാഡ്സൺ തുടങ്ങിയവർ പങ്കെടുത്തു.